കോഴിക്കോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനങ്ങൾ താളം തെറ്റിയ കോഴിക്കോട് മെഡിക്കൽ കോളേജിനെ തിരിഞ്ഞു നോക്കാതെ സംസ്ഥാന ആരോഗ്യ വകുപ്പ്. ഡയാലിസിസിനെത്തുന്ന രോഗികൾക്ക് വരെ ആശുപത്രിക്കുള്ളിൽ മരുന്ന് ലഭ്യമല്ലാത്ത അവസ്ഥയാനുള്ളത്. ഡയാലിസിസ് നടക്കണമെങ്കില്‍ ആവശ്യമായ സാധനങ്ങളെല്ലാം പുറത്തുനിന്ന് വാങ്ങി നല്‍കണം. വിതരണക്കാരുടെ സമരം കാരണം ആശുപത്രിയില്‍ സര്‍ജിക്കല്‍ വസ്തുക്കള്‍ക്കും മരുന്നിനും ക്ഷാമം രൂക്ഷമായി. ഡയാലിസിസിനുള്ള ചിലവ് ഇപ്പോൾ ഇരട്ടിയായിരിക്കുകയാണ്.
കുടിശികയായ 75 കോടി രൂപ ലഭിക്കാത്തതിനെത്തുടര്‍ന്ന് വിതരണക്കാര്‍ മരുന്നും സര്‍ജിക്കല്‍ വസ്തുക്കളും നല്‍കുന്നത് നിർത്തി വച്ചിട്ട് ഒരാഴ്ചയായി. വിവിധ ശസ്ത്രക്രിയക്കാവശ്യമായ ഇംപ്ലാന്‍റുകളും ആശുപത്രിയിലില്ല. മരുന്നുക്ഷാമവും രൂക്ഷമാണ്. അതെ സമയം ഫണ്ടില്ലെന്ന മറുപടിക്കപ്പുറം ഒരു നടപടിയും ആശുപത്രിയുടെ ഭാഗത്ത് നിന്നോ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നതിൽ വലിയ പ്രതിഷേധമാണുയരുന്നത്








