ന്യൂഡൽഹി: മദ്യ നയ അഴിമതിയ്ക്ക് പിന്നാലെ ഡൽഹി ജലബോർഡ് അഴിമതി കേസിലും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അന്വേഷണം ഊർജ്ജിതമാക്കി ഇഡി. ജലബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കെജ്രിവാളിന് ഇഡി നോട്ടീസ് നൽകി. നാളെ ഹാജരാകാനാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം.
ജല ബോർഡിന് കീഴിൽ നടപ്പിലാക്കുന്ന പദ്ധതികൾക്കായുള്ള കരാർ ചട്ടംലംഘിച്ച് സ്വകാര്യ കമ്പനിയ്ക്ക് നൽകുകയും അതുവഴി കോടികളുടെ നേട്ടമുണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്. ഈ പണം ആംആദ്മി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നത്. കെജ്രിവാളിനെതിരെ ഇഡി അന്വേഷിക്കുന്ന രണ്ടാമത്തെ അഴിമതി കേസാണ് ഇത്.
ജലബോർഡ് ചീഫ് എൻജിനീയറായി ജഗദീഷ് അറോറ ചുതമലയിൽ ഉണ്ടായിരുന്ന കാലത്തായിരുന്നു അഴിമതി നടന്നത്. ചട്ടങ്ങൾ ലംഘിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് വ്യക്തമായിട്ടും എംഎസ് എൻകെജി ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയ്ക്ക് 38 കോടി രൂപയുടെ കരാർ നൽകുകയായിരുന്നു. ഇതിന് പ്രതിഫലമായി കമ്പനിയിൽ നിന്നും വൻ തുക ആംആദ്മി നേതാക്കൾ കൈക്കലാക്കുകയും ചെയ്തു.
അതേസമയം കെജ്രിവാളിനെതിരായ നോട്ടീസ് രാഷ്ട്രീയ പ്രേരിതം ആണെന്ന് ആരോപിച്ച് ആംആദ്മി രംഗത്ത് എത്തി. ജല ബോർഡ് അഴിമതി കേസിൽ കെജ്രിവാളിനെതിരെ കേസ് രജിസ്റ്റർ ചെയ്ത കാര്യം അറിയില്ലായിരുന്നുവെന്നും പാർട്ടി വ്യക്തമാക്കി.










