മുംബൈ : പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ സിപ്ല ഫാർമ ആൻഡ് ലൈഫ് സയൻസസിന്റെ പുണെ വഡ്കിയിലുള്ള വിതരണ കേന്ദ്രത്തിന്റെ മരുന്ന് വിൽപ്പന ലൈസൻസുകൾ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) റദ്ദാക്കി. കമ്പനിയുടെ വാടകിക്കുള്ള പ്രധാന വെയർഹൗസിൽ എഫ്ഡിഎ ഉദ്യോഗസ്ഥർ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് മരുന്ന് വിതരണത്തിലും സംഭരണത്തിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയത്. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവിലൂടെയാണ് കമ്പനിയുടെ ലൈസൻസ് അടിയന്തരമായി റദ്ദാക്കാൻ എഫ്ഡിഎ കമ്മീഷണർ തുകാറാം മുണ്ഡെ നിർദ്ദേശം നൽകിയത്.
സിപ്ലയുടെ ‘റിയാക്റ്റിൻ പ്ലസ്’ എന്ന മരുന്നിന്റെ പാക്കേജിംഗിലും വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നതിലും വരുത്തിയ ഗുരുതര വീഴ്ചകളാണ് പ്രധാനമായും നടപടിക്ക് കാരണമായത്. ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന ഈ മരുന്നിന്റെ പാക്കറ്റുകളിൽ അനുമതിയില്ലാതെ വേദനസംഹാരിയെന്നും പനിസംഹാരിയെന്നും രേഖപ്പെടുത്തിയത് വ്യാജമായ വിവരങ്ങൾ നൽകലാണെന്ന് അധികൃതർ കണ്ടെത്തി. തുടർന്ന് 11.19 ലക്ഷം രൂപ വിലമതിക്കുന്ന ഈ മരുന്ന് എഫ്ഡിഎ പിടിച്ചെടുക്കുകയും വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ എഫ്ഡിഎയുടെ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കുന്നതിലോ വിപണിയിൽ നിന്ന് മരുന്ന് പൂർണ്ണമായി പിൻവലിക്കുന്നതിലോ കമ്പനി പരാജയപ്പെട്ടു.
വെയർഹൗസിൽ നടത്തിയ പരിശോധനയിൽ മരുന്നുകൾ തറയിൽ നേരിട്ട് സൂക്ഷിച്ചതായും ശരിയായ റാക്കുകളും സ്റ്റോറേജ് സൗകര്യങ്ങളും ഒരുക്കിയിട്ടില്ലെന്നും എഫ്ഡിഎ വ്യക്തമാക്കി. കൂടാതെ കമ്പ്യൂട്ടറിലെ സ്റ്റോക്ക് കണക്കുകളും നിലവിലുള്ള മരുന്നുകളുടെ അളവും തമ്മിൽ വലിയ വ്യത്യാസങ്ങൾ കണ്ടെത്തി. കാലാവധി കഴിഞ്ഞ മരുന്നുകൾ കൈകാര്യം ചെയ്യുന്നതിലും കമ്പനിക്ക് വീഴ്ച പറ്റിയിട്ടുണ്ട്. കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ലൈസൻസ് റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്.









