ശ്രീനഗർ : ജമ്മു കാശ്മീരിലെ നാഷണൽ കോൺഫറൻസ് (എൻസി) നേതൃത്വവുമായി ദീർഘകാലമായി നിലനിൽക്കുന്ന വിയോജിപ്പുകൾക്കൊടുവിൽ ശ്രീനഗർ ലോകസഭാംഗവും മുതിർന്ന നേതാവുമായ ആഗാ സയ്യിദ് റുഹുല്ല മെഹ്ദി പാർട്ടി വിടാനൊരുങ്ങുന്നു. നവംബർ 3-ന് താൻ ലോകസഭാ അംഗത്വവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും ഔദ്യോഗികമായി രാജിവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പിതാവ് ആഗാ സയ്യിദ് മെഹ്ദിയുടെ 26-ാം ചരമവാർഷിക ദിനത്തിലാണ് റുഹുല്ല ഈ സുപ്രധാന രാഷ്ട്രീയ പ്രഖ്യാപനം നടത്തുന്നത്. പാർട്ടി നേതൃത്വത്തിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് ബദ്ഗാമിൽ സംഘടിപ്പിക്കുന്ന വൻ പൊതുറാലിയിൽ വെച്ച് രാജിക്കത്ത് പരസ്യപ്പെടുത്താനാണ് അദ്ദേഹത്തിന്റെ തീരുമാനം.
കേന്ദ്രസർക്കാർ റദ്ദാക്കിയ ആർട്ടിക്കിൾ 370, 35എ എന്നിവ പുനഃസ്ഥാപിക്കുന്നതിനായുള്ള പോരാട്ടത്തിൽ നിന്ന് നാഷണൽ കോൺഫറൻസ് പിന്നോട്ട് പോയി എന്നാണ് റുഹുല്ലയുടെ പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ ശേഷം ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നും അത്തരം വഞ്ചനയുടെ ഭാഗമാകാൻ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പാർട്ടി പ്രസിഡന്റ് ഡോ. ഫാറൂഖ് അബ്ദുള്ളയും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ജമ്മു കാശ്മീരിന്റെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും വരും നാളുകളിൽ ഈ വിഷയം മുൻനിർത്തി താൻ പുതിയ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീനഗർ സീറ്റ് രാജിവെച്ച് ജനവിധി തേടാൻ പാർട്ടി അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള അടുത്തിടെ റുഹുല്ലയെ പരസ്യമായി വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് താൻ രാജി തീയതി പ്രഖ്യാപിച്ചതെന്ന് റുഹുല്ല സൂചിപ്പിച്ചു. എംപി ഫണ്ട് വിതരണവും ഭരണഘടനാ അവകാശങ്ങൾക്കായി ഡൽഹിയിൽ നിന്നുള്ള എംപിമാരെ പങ്കെടുപ്പിച്ച് ശ്രീനഗറിൽ നടത്താനിരിക്കുന്ന കോൺഫറൻസും പൂർത്തിയാക്കിയ ശേഷമായിരിക്കും രാജി സമർപ്പിക്കുക. തുടർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനും കാശ്മീരിലെ പ്രത്യേക പദവിക്കായുള്ള പോരാട്ടം വീണ്ടും ശക്തമാക്കാനുമാണ് അദ്ദേഹത്തിന്റെ പദ്ധതി.









