മുംബൈ : കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ 63 ദിവസം നീണ്ടുനിന്ന ‘ഭാരത് ജോഡോ ന്യായ് യാത്ര’ സമാപിച്ചു. സഹോദരി പ്രിയങ്ക ഗാന്ധിയും ഏതാനും കോൺഗ്രസ് നേതാക്കളും ഇൻഡി സഖ്യത്തിലെ ചില നേതാക്കളും ജോഡോ യാത്രയുടെ അവസാന ദിവസം രാഹുൽഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. പതിവുപോലെ ബിജെപിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി യാത്രയ്ക്ക് സമാപനം കുറിച്ചത്.
ബിജെപി വെറുതെ ബഹളം വയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഭരണഘടന മാറ്റാൻ ഒന്നും ബിജെപിക്ക് ധൈര്യമില്ല. സത്യം തന്റെ ഭാഗത്താണ്. രാജ്യത്തെ ജനങ്ങളും തന്നോടൊപ്പം ആണ് ഉള്ളത്. തമ്മിൽ ഇപ്പോൾ രണ്ട് ‘ഭാവങ്ങൾ’ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത് എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
രാജ്യം കേന്ദ്രീകൃതമായി പ്രവർത്തിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നത് . എന്നാൽ ഞങ്ങൾ അധികാരവികേന്ദ്രീകരണം നടത്തണമെന്നാണ് പറയുന്നത് എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മഹാത്മാഗാന്ധിയുടെ മുംബൈയിലെ വസതിയായ മണിഭവനിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തിലേക്കുള്ള ‘ന്യായ് സങ്കൽപ് പദയാത്ര’ നടത്തിയ ശേഷം ഒരു പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
Discussion about this post