ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തിയതിയിൽ മാറ്റം. സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിയതിയിലാണ് മാറ്റം. ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ ഉത്തരവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി നടക്കും. പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ജൂൺ നാലിന് ആയിരുന്നു ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവും നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കും. ഈ സാഹചര്യത്തിൽ ഇരു സംസ്ഥാനങ്ങളുടെയും വോട്ടെണ്ണൽ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ജൂൺ നാലിന് പകരം ജൂൺ രണ്ടിനാണ് ഈ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ.
ഭരണഘടനയിലെ ആർട്ടിക്കിൾ 324, 172 (1) എന്നിവ പ്രകാരവും, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 15ാം വകുപ്പ് പ്രകാരവുമാണ് നടപടി. സർക്കാരുകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയിരിക്കണമെന്നാണ് ഈ വകുപ്പുകൾ അനുശാസിക്കുന്നത്.
അതേസമയം ഫല പ്രഖ്യാപന തിയതികളിൽ മാത്രമാണ് മാറ്റമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുൻ നിശ്ചയിച്ച തിയതികളിൽ തന്നെ നടക്കുമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.
Discussion about this post