പാലക്കാട്: ഇത്തവണ ദക്ഷിണേന്ത്യയിൽ ശക്തി പ്രകടനം നടത്തുക എന്ന ലക്ഷ്യത്തോടെ കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി എൻ.ഡി.എ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട് നഗരത്തിൽ ‘റോഡ് ഷോ’ നടത്തും. കോയമ്പത്തൂരിൽ നിന്ന് രാവിലെ 9.30ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന പ്രധാനമന്ത്രി 10ന് മേഴ്സി കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങും. തുടർന്ന് റോഡ് മാർഗം കോട്ടമൈതാനത്തെത്തും. അഞ്ചുവിളക്ക് പരിസരത്ത് നിന്ന് സുൽത്താൻപേട്ട വഴി പാലക്കാട് ഹെഡ്‌പോസ്റ്റ് ഓഫീസ് പരിസരം വരെയുള്ള ഒന്നര കിലോമീറ്റർ ദൂരം അദ്ദേഹം റോഡ് ഷോ നടത്തും. ഈ സമയം അദ്ധേഹം ജനങ്ങളെ കൂടുതൽ അടുത്ത് കാണും.
തുറന്ന വാഹനത്തിലാണ് പ്രധാനമന്ത്രി സഞ്ചരിക്കുന്നതെങ്കിലും ജനങ്ങളുമായി കൂടുതൽ അടുത്തേക്ക് വരുന്നതിന്റെ ഭാഗമായി അദ്ദേഹം റോഡിലിറങ്ങുവാനും സാദ്ധ്യതയുണ്ടെന്നാണ് സൂചന. റോഡ് ഷോ അവസാനിച്ച ശേഷം മോയൻ സ്‌കൂൾ ജംഗ്ഷൻ, ടൗൺ റെയിൽവേ മേൽപാലം, ശകുന്തള ജംഗ്ഷൻ, ബി.ഇ.എം സ്‌കൂൾ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി വഴി മേഴ്സി കോളേജ് ഗ്രൗണ്ടിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്നും അടുത്ത ലക്ഷ്യത്തിലേക്ക് തിരിക്കും.
പാലക്കാട്, മലപ്പുറം പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ ഭാഗമാകും. അതെ സമയം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ മോദിയെ സ്വീകരിക്കും.








