ന്യൂഡൽഹി: സിം കാർഡുകൾ ഉപയോഗിച്ച് ഇന്ന് ലോകത്ത് പലരീതിയിലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ട്. സാങ്കേതിക വിദ്യയിൽ മാറ്റം വന്നതോടെ തട്ടിപ്പും ആ വഴിക്കായി.ഇലക്ട്രോണിക് സിം അഥവാ ഇ-സിം, ഫിസിക്കൽ സിം കാർഡ് സങ്കൽപ്പത്തെ ഇല്ലാതാക്കുന്നതാണ്. ഉപഭോക്താവിന്റെ ഡേറ്റയും പണവും കൈക്കലാക്കാൻ ഹാക്കർമാർ ഇ-സിം പ്രൊഫൈലുകൾ ഉപയോഗിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ടെലികോം കമ്പനികൾക്ക് ദൂരെ നിന്ന് ഇ-സിം പ്രോഗ്രാം ചെയ്യാനും, ഡീ ആക്ടിവേറ്റ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനും ഇ-സിം കണക്ഷൻ മറ്റൊരു ഡിവൈസിലേക്ക് മാറ്റാനുമെല്ലാം സാധിക്കും. ഈ സാധ്യതകളാണ് ഹാക്കർമാർ ദുരുപയോഗം ചെയ്യുന്നത്. ഇരയുടെ ഫോണിലെ ഇ-സിം പ്രൊഫൈൽ എടുത്ത് ഹാക്കർക്ക് സ്വന്തം ഫോണിലേക്ക് മാറ്റാനും മൊബൈൽ നമ്പർ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങൾ ചോർത്തുകയും ചെയ്യും.
വിവിധ സാമ്പത്തിക സേവനങ്ങൾ നടത്തുന്ന ഉപഭോക്താക്കളാണ് ഇവരുടെ ലക്ഷ്യം. നിലവിൽ എല്ലാ ഓൺലൈൻ സേവനങ്ങളുമായും മൊബൈൽ നമ്പർ കണക്ടടാണ്. ഈ നമ്പരിൽ വരുന്ന ഒടിപികൾ ഉപയോഗിച്ച് അക്കൗണ്ടുകളിൽ നുഴഞ്ഞു കയറി വിവരങ്ങൾ ശേഖരിച്ച് പണം സ്വന്തമാക്കാൻ സൈബർ കുറ്റവാളികൾക്ക് കഴിയും.
എന്തായാലും ഇ-സിം കണക്ഷനിൽ ഉപയോഗിക്കുന്ന നമ്പറിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ, ക്ലൗഡ് പ്ലാറ്റ്ഫോമുകളുടെ അക്കൗണ്ടുകൾ എന്നിവ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കണം. അത്തരം അക്കൗണ്ടുകളിൽ ടൂ ഫാക്ടർ ഒതന്റിക്കേഷൻ ഉടൻ സെറ്റ് ചെയ്യുകയും ഒതന്റിക്കേറ്റർ ആപ്പുകളുമായി അക്കൗണ്ട് ബന്ധിപ്പിക്കുകയും ചെയ്യുന്നത് സുരക്ഷയ്ക്ക് സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
Discussion about this post