തിരുവനന്തപുരം : പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന് പിന്നാലെ കോൺഗ്രസിന്റെ നിരവധി പ്രമുഖ നേതാക്കളാണ് ബിജെപിയിലേക്ക് എത്തുന്നത്. ഇന്ന് തിരുവനന്തപുരം നഗരസഭയിലെ മുൻ പ്രതിപക്ഷ നേതാവായിരുന്ന മഹേശ്വരൻ നായർ ആണ് ഒടുവിലായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ പത്തോളം പ്രമുഖരാണ് കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തിയത്.
പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിന് തൊട്ടു പിന്നാലെ കോൺഗ്രസിലെ മറ്റു രണ്ടു പ്രമുഖ നേതാക്കൾ കൂടി ബിജെപിയിലേക്ക് എത്തിയിരുന്നു. മുൻ ഡിസിസി ജനറൽ സെക്രട്ടറിമാരായിരുന്ന തമ്പാനൂർ സതീഷും ഉദയനും ആയിരുന്നു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മറ്റു പ്രമുഖ നേതാക്കൾ. ഇവരോടൊപ്പം തന്നെ കായികതാരവും കെപിസിസി കായികവേദി മുൻ പ്രസിഡന്റും മുൻ സ്പോർട്സ് കൗൺസിൽ അധ്യക്ഷയുമായിരുന്ന പത്മിനി തോമസും കോൺഗ്രസും വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു എറണാകുളത്ത് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ കൊച്ചുമകൾ സുജാത മേനോനും ഭർത്താവ് അനിൽ കൃഷ്ണനും ബിജെപിയിൽ ചേർന്നിരുന്നത്.
ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ച മഹേശ്വരൻ നായർ ലീഡർ കെ കരുണാകരന്റെ വിശ്വസ്തനായ അറിയപ്പെട്ടിരുന്ന നേതാവായിരുന്നു . കെപിസിസി എക്സിക്യൂട്ടീവ് അംഗം കൂടിയായിരുന്ന മഹേശ്വരൻ നായരുടെ ബിജെപിയിലേക്കുള്ള പോക്ക് അക്ഷരാർത്ഥത്തിൽ തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിന് വലിയ അടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് കോൺഗ്രസിലെ ഗ്രൂപ്പ് കളി പല പ്രാദേശിക നേതാക്കൾക്കും ഇടയിൽ വലിയ പ്രതിഷേധത്തിനാണ് കാരണമാകുന്നത്. കഴിഞ്ഞദിവസം ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർത്ഥിയായ വി മുരളീധരന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഒരു കോൺഗ്രസ് നേതാവിന്റെ ഓഡിയോ സന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു. ഇനിയും പല പ്രമുഖ നേതാക്കളും ഉടൻതന്നെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരും എന്നാണ് പറയപ്പെടുന്നത്.
Discussion about this post