ലക്‌നൗ: ഉത്തർപ്രദേശിലെ ബുദൗണിൽ യുവാവ് വീട്ടിൽ കയറി കൊലപ്പെടുത്തിയ രണ്ട് കുട്ടികളുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. കഴുത്തിൽ ആഴത്തിലുള്ള മുറിവാണ് രണ്ട് പേരുടെയും മരണകാരണം. മൂന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.
12 വയസുകാരനായ കുട്ടിയുടെ ശരീരത്തിൽ ഒൻപത് മുറിവുകളാണ് ഉണ്ടായിരുന്നത്. കഴുത്തിലും കയ്യിലും നെഞ്ചിലും വയറിലുമായിരുന്നു മുറിവുകൾ. എട്ടു വയസുകാരന്റെ ശരീരത്തിൽ പതിനൊന്ന് മുറിവുകളാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസമാണ് യുവാവ് സുഹൃത്തിന്റെ മക്കളെ വീട്ടിൽ കയറി കഴുത്തറത്ത് കൊലപ്പെടുത്തിയത്. ബാബ കോളനിയിൽ ബാർബർ ഷോപ്പ് നടത്തുന്ന മൊഹമ്മദ് സാജിദാണ് സുഹൃത്ത് വിനോദിന്റെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിനിടെ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു.
വിനോദിന്റെ വീടിന് എതിർവശമാണ് സാജിദിന്റെ ബാർബർ ഷോപ്പ്. ചൊവ്വാഴ്ച വൈകീട്ട് 5,000 രൂപ കടം വാങ്ങുന്നതിനായി സാജിദ് വിനോദിന്റെ വീട്ടിലെത്തി. പക്ഷേ വിനോദ് വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മൂന്ന് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.ഗർഭിണിയായ ഭാര്യ ആശുപത്രിയിലാണെന്നും ചികിത്സയ്ക്ക് 5,000 രൂപ വേണമെന്നും വിനോദിന്റെ ഭാര്യ സംഗീതയോട് സാജിദ് പറഞ്ഞു.
ഇതുകേട്ട സംഗീത വിനോദിനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. സാജിദ് പണം നൽകാൻ വിനോദ് നിർദ്ദേശിച്ചു. തുടർന്ന് സാജിദിനോട് ഇരിക്കാൻ പറഞ്ഞ ശേഷം വിനോദിന്റെ ഭാര്യ ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി.
ഈ സമയം വിനോദിന്റെ മകൻ ആയുഷിനോട്(11) മുകളിലത്തെ നിലയിലുള്ള അമ്മയുടെ ബ്യൂട്ടിപാർലർ കാണിച്ച് തരാൻ സാജിദ് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും മുകളിലേക്ക് പോയി. രണ്ടാം നിലയിൽ എത്തിയ ഉടൻ ലൈറ്റ് അണച്ച സാജിദ് ആയുഷിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി മുകളിലേക്ക് വന്ന സഹോദരൻ അഹാൻ (6) ആക്രമണം കണ്ടു. പിന്നാലെ സാജിദ് അഹാനെയും പിടികൂടി കൊലപ്പെടുത്തി. ഇവരുടെ സഹോദരൻ പിയൂഷിനെയും സാജിദ് ആക്രമിച്ചെങ്കിലും ഏഴുവയസ്സുകാരൻ ഓടി രക്ഷപ്പെട്ടു.









