മിലാൻ: അശ്ലീല സൈറ്റുകളിലൂടെ തന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഒരു ലക്ഷം യൂറോ (90 ലക്ഷത്തിലേറെ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോർജിയ മെലോനി കോടതിയെ സമീപിച്ചു. ജൂലൈ രണ്ടിന് ജോർജിയ മെലോനി കോടതിയിൽ ഹാജരാകും.
2020ലാണ് പ്രധാനമന്ത്രിയുടെ ഡീപ്‌ഫേക്ക് വീഡിയോ യുഎസിലെ ഒരു അശ്ലീല വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. ഏതാനും മാസങ്ങൾ കൊണ്ടുതന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. സംഭവത്തിൽ 40കാരനും ഇയാളുടെ പിതാവും അസ്റ്റിലായിരുന്നു.
വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഉപയോഗിച്ച സ്മാർട്ട് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ജോർജിയ മെലോനി പ്രധാനമന്ത്രിയാവുന്നതിന് മുൻപായിരുന്നു വീഡിയോ അപ്‌ലോഡ് ചെയ്തത്.
മറ്റുള്ളവർക്ക് ഒരു പാഠം ആകാൻ വേണ്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നഷ്ടപരിഹാരതുക മുഴുവൻ പുരുഷന്മാരുടെ ആക്രമണങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് നൽകും. ഇരകളായ സ്ത്രീകൾക്ക് ആക്രമണങ്ങളെ കുറിച്ച് തുറന്ന് പറയാൻ ഇതൊരു പ്രചോദനമാകുമെന്നും ജോർജിയ മെലോനിയുടെ അഭിഭാഷക മരിയ യുലിയ പറഞ്ഞു.
Discussion about this post