ന്യൂഡൽഹി: ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ രണ്ടാം ഘട്ട ലാഡിംഗ് പരീക്ഷണത്തിന് ഒരുങ്ങി ഐഎസ്ആർഒ. നാളെ രാവിലെ ഏഴുമണിയ്ക്കാണ് പരീക്ഷണം.കർണാടകയിലെ ചിത്രദുർഗ്ഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചാകും രണ്ടാം ലാൻഡിങ്ങ് പരീക്ഷണവും. ആർഎൽവി പരീക്ഷണ പേടകത്തിന് പുഷ്പക് എന്നാണ് ഇപ്പോൾ നൽകിയിരിക്കുന്ന പേര്.
കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിങ്ങ് പരീക്ഷണം നടന്നത്. 11 മാസങ്ങൾക്ക് ശേഷം രണ്ടാമതൊരു പരീക്ഷണത്തിന് പൂർണ സജ്ജമായിരിക്കുകയാണ് ഐഎസ്ആർഒ.
പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തതാണ് ആർഎൽവി. രൂപകൽപന, ഡവലപ്െമന്റ്, മിഷൻ, സ്ട്രക്ചർ, ഏവിയോണിക്‌സ് തുടങ്ങിയ ഘടകങ്ങളെല്ലാം വിഎസ്എസ്‌സിയിലാണ് തയാറാക്കിയത്. ഇസ്‌റോയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളെല്ലാം പ്രധാന ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു. എല്ലാ ഘടകങ്ങളും നിർമിച്ചതും ഇന്ത്യയിലെ സ്ഥാപനങ്ങളിലാണ്. വിമാനത്തിന്റെ മാതൃകയിൽ ചിറകുള്ള റോക്കറ്റ് സംവിധാനമാണ് ഇന്ത്യ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ബൂസ്റ്റർ റോക്കറ്റുകൾ ഉപയോഗിച്ച് വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ്പോലെ വിക്ഷേപിക്കാനും ബഹിരാകാശത്ത് ഉപഗ്രഹം കൃത്യസ്ഥലത്ത് എത്തിച്ച ശേഷം തിരിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിയെത്താനും സാധിക്കും. വാഹനം വീണ്ടും വിക്ഷേപണത്തിന് ഉപയോഗിക്കാം.
ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ചശേഷം തിരിച്ചിറക്കാൻ കഴിയുന്ന വാഹനം ഇന്ത്യയ്ക്കില്ല. ഇങ്ങനെ പുനരുപയോഗ വിക്ഷേപണ വാഹനങ്ങൾ രംഗത്തെത്തുന്നത് ഉപഗ്രഹവിക്ഷേപണത്തിന്റെ ചെലവ് കാര്യമായി കുറയ്ക്കും. നിലവിൽ 160 കോടി രൂപയാണ് വിക്ഷേപണ വാഹനത്തിന് ചെലവ് വരുന്നത്. വിക്ഷേപണത്തിന് ശേഷം ഇവ കടലിൽ വീഴുകയോ, അന്തരീക്ഷത്തിൽ വച്ച് കത്തിയമരുകയോ ചെയ്യും. എന്നാൽ, ആർഎൽവി-ടിഡി വരുന്നതോടെ, വാഹനം വീണ്ടുമുപയോഗിക്കാമെന്നതിനാൽ ഇന്ധന ചെലവ് മാത്രം നോക്കിയാൽ മതിയാകും. കൂടുതൽ ഉപഗഹ്രങ്ങൾ വിക്ഷേപിക്കാമെന്നതാണ് ഇതുകൊണ്ടുള്ള മറ്റൊരു നേട്ടം. വാഹനത്തിന്റെ ഭാരം ഒന്നര ടൺ ആണ്. പരീക്ഷണഘട്ടത്തിൽ 70 കിലോമീറ്റർ ഉയരത്തിൽ എത്തിയ ശേഷമാണ് വാഹനം തിരിച്ച് വരിക.










Discussion about this post