ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്ര കെജ്രിവാളിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. പ്രാഥമിക ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാകും സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ അദ്ദേഹത്തെ ഹാജരാക്കുക. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അന്വേഷണ സംഘം അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് ഇഡി മുഖ്യമന്ത്രിയുടെ വീട്ടിൽ എത്തിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാത്രി തന്നെ അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് ഹാജരാകും. രാവിലെ 10 മണിയോടെയാകും അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുക.
കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിൽ നിന്നും വിശദമായ വിവരങ്ങൾ ഇഡിയ്ക്ക് തേടേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകും. 10 ദിവസത്തെ കസ്റ്റഡി എങ്കിലും ചോദിച്ചേക്കുമെന്നാണ് സൂചന.
Discussion about this post