അബുദാബി : തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള യുവതാരമാണ് അല്ലു അർജുൻ. ‘പുഷ്പ ദി റൈസ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ നേടിയെടുക്കാൻ അല്ലു അർജുന് കഴിഞ്ഞു. ഇപ്പോഴിതാ അല്ലു അർജുൻ ആരാധകർക്ക് മറ്റൊരു സന്തോഷവാർത്തയും കൂടി എത്തിയിരിക്കുകയാണ്. അല്ലു അർജുനോടുള്ള ആദര സൂചനയായി ദുബായിലെ മാഡം തുസാഡ്സ് മ്യൂസിയത്തിൽ അദ്ദേഹത്തിന്റെ മെഴുകു പ്രതിമ ഒരുങ്ങിക്കഴിഞ്ഞു.
മാർച്ച് 28ന് ആയിരിക്കും മാഡം തുസാഡ്സ് മ്യൂസിയത്തിലെ അല്ലു അർജുന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുക. ചടങ്ങനായി അല്ലു അർജുൻ തന്നെ ദുബായിൽ എത്തുന്നതാണ്. പ്രതിമ പൂർത്തിയായതിന്റെ ഭാഗമായി വെള്ളിയാഴ്ച മ്യൂസിയത്തിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ പേജ് പ്രതിമയെ കുറിച്ചുള്ള ഒരു സർപ്രൈസ് ടീസർ പുറത്തിറക്കിയിട്ടുണ്ട്.
ചുവന്ന ജാക്കറ്റ് ധരിച്ച് പുഷ്പ എന്ന സിനിമയിലെ പ്രശസ്തമായ ഒരു പോസിലാണ് അല്ലു അർജുന്റെ മെഴുക് പ്രതിമ ഒരുക്കിയിട്ടുള്ളത്. എന്നാൽ പ്രതിമയുടെ കൃത്യമായ രൂപം ടീസറിൽ കാണിക്കുന്നില്ല. അല്ലു അർജുന്റെ മെഴുകു പ്രതിമ വ്യക്തമായി കാണുന്നതിനും താരം അത് അനാച്ഛാദനം ചെയ്യുന്നത് കാണുന്നതിനുമായി മാർച്ച് 28ന് രാത്രി 8 മണിക്ക് എല്ലാവരെയും ദുബായിലെ മാഡം തുസാഡ്സ് മ്യൂസിയത്തിലേക്ക് ക്ഷണിക്കുന്നതായി മ്യൂസിയം അധികൃതർ അറിയിച്ചു.
Discussion about this post