ഗുവാഹട്ടി: സോഷ്യൽ മീഡിയ വഴി ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് അസം പോലീസ്. ഗുവാഹട്ടി ഐഐടി വിദ്യാർത്ഥിയായ തൗഫീസ് അലി ഫറൂഖിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
തൊഴിൽ അവസരങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ വഴിയും ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെയുമാണ് തൗസീഫ് ഭീകര സംഘടനയിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വന്നത്. ഭീകര സംഘടനയിൽ തന്നെയും ചേർക്കണമെന്ന് ഇസ്ലാമിക് സ്റ്റേറ്റിനോട് അഭ്യർത്ഥിച്ചുകൊണ്ടുള്ള കത്ത് ഇയാൾ ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാളെ നിരീക്ഷിക്കാൻ ആരംഭിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ മുതൽ തൗസീഫിനെ കോളേജിലോ ഹോസ്റ്റലിലോ കാണാൻ ഇല്ലായിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ലിങ്ക്ഡ് ഇന്നിൽ കത്ത് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ സമൂമാദ്ധ്യമങ്ങളിൽ ഇയാൾ ഇസ്ലാമിക് സ്റ്റേറ്റിനോട് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകൾ തുടർച്ചയായി പങ്കുവയ്ക്കുകയായിരുന്നു. ഇതോടെയാണ് തൗസീഫിനെ അറസ്റ്റ് ചെയ്തത്.
ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തൗസീഫ് കാമരൂപ് ജില്ലയിലെ ഹാജോയിൽ ഉള്ളതായി പോലീസിന് വ്യക്തമായി. ഇതേ തുടർന്ന് അവിടെ എത്തിയായിരുന്നു കസ്റ്റഡിയിൽ എടുത്തത്. ഇതിന് ശേഷം ഹോസ്റ്റലിലെ ഇയാളുടെ മുറിയിൽ പോലീസ് പരിശോധനയും നടത്തി. ഇവിടെ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കൊടിയും ചില പുസ്തകങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Discussion about this post