ന്യൂഡൽഹി: ആംആദ്മി രാജ്യസഭാ എംപി രാഗവ് ഛദ്ദയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. ഖാലിസ്ഥാൻ അനുകൂലിയായ ബ്രിട്ടീഷ് വനിതാ എംപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നടപടി. രാഗവ് ഛദ്ദയ്ക്ക് തീവ്ര സിഖ് സംഘടനകളുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.
ബ്രിട്ടീഷ് സിഖ് എംപി പ്രീത് കൗർ ഗില്ലുമായിട്ടായിരുന്നു രാഗവ് ഛദ്ദയുടെ കൂടിക്കാഴ്ച. രാഗവ് ഛദ്ദയുടെ ബ്രിട്ടൺ സന്ദർശനത്തിനിടെ ആയിരുന്നു ഇത്. പിന്നാലെ രാഗവ് ഛദ്ദയുമൊത്തുള്ള ചിത്രം ബ്രിട്ടീഷ് എംപി എക്‌സിൽ പങ്കുവച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു രാഗവ് ഛദ്ദയെ നിരീക്ഷിക്കാൻ ആരംഭിച്ചത്.
ബ്രിട്ടണിലെ ലേബർപാർട്ടിയുടെ എംപിയാണ് പ്രീത് കൗർ. ഖാലിസ്ഥാൻ അനുകൂലിയായ ഇവർ സംഘടനയ്ക്ക് വേണ്ടി ലോകവേദികളിൽ ഉൾപ്പെടെ വാദിച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാരിന്റെ കടുത്ത വിമർശകയുമാണ് പ്രീത് കൗർ. ഖാലിസ്ഥാൻ നേതാക്കളുമായി ബന്ധം പുലർത്തിയതിന്റേ പേരിലും സംഘം ചേരാൻ ഉൾപ്പെടെ സഹായിച്ചതിന്റെ പേരിലും പ്രീത് കൗർ മാദ്ധ്യമ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ ആണ് ഇതിൽ എംപിയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ രാജ്യസഭാംഗമായ രാഗവ് ഛദ്ദ എംപിയെ കണ്ടത് ഗൗവരത്തോടെയാണ് രഹസ്യാന്വേഷണ ഏജൻസികൾ കാണുന്നത്.
ബ്രിട്ടീഷ് എംപിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇരുവരും തമ്മിൽ സംസാരിച്ച കാര്യങ്ങളിൽ സംശയം ഉയരുന്നുണ്ട്. ആഗോള ആരോഗ്യ സുരക്ഷ സംബന്ധിച്ച കാര്യങ്ങളാണ് ചർച്ച ചെയ്തത് എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബ്രിട്ടീഷ് എംപി പ്രതികരിച്ചത്.
Discussion about this post