ലഖ്‌നൗ : ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്രോസ് വോട്ട് ചെയ്ത സമാജ്‌വാദി പാർട്ടി എംഎൽഎമാർക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചു. സമാജ്‌വാദി പാർട്ടിയിൽ നിന്നും ഈ എംഎൽഎമാരുടെ ജീവന് ഭീഷണി ഉയർന്നിട്ടുള്ളതിനാൽ ആണ് പ്രത്യേക സുരക്ഷ അനുവദിച്ചിട്ടുള്ളത്.
ഗോസായ്ഗഞ്ച് എംഎൽഎ ആയ അഭയ് സിംഗ് , ഉഞ്ചഹാർ എംഎൽഎ ആയ മനോജ് കുമാർ പാണ്ഡെ, ഗൗരിഗഞ്ച് എംഎൽഎ രാകേഷ് പ്രതാപ് സിംഗ്, കൽപി എംഎൽഎ വിനോദ് ചതുർവേദി എന്നിവർക്കാണ് വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിട്ടുള്ളത്. വൈ കാറ്റഗറി സുരക്ഷയുടെ ഭാഗമായി എട്ട് സിആർപിഎഫ് ജവാൻമാർ ഈ എംഎൽഎമാർക്ക് സുരക്ഷയൊരുക്കുന്നതാണ്. അഞ്ച് ഉദ്യോഗസ്ഥർ അവരുടെ വസതികൾക്ക് കാവൽ നിൽക്കുകയും ബാക്കിയുള്ളവർ എംഎൽഎമാരെ യാത്രകളിൽ അനുഗമിക്കുകയും ചെയ്യുന്നതാണ്.
സമാജ്‌വാദി പാർട്ടിയിലെ നാല് എംഎൽഎമാരും സ്വതന്ത്ര എംഎൽഎമാരായ പൂജാ പാൽ, രാകേഷ് പാണ്ഡെ, അശുതോഷ് മൗര്യ എന്നിവരും രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ക്രോസ് വോട്ട് ചെയ്തിരുന്നു. ഇതോടെ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി അലോക് രഞ്ജനെ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർത്ഥിയായ സഞ്ജയ് സേത്ത് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപെടുകയായിരുന്നു.
Discussion about this post