മോസ്‌കോ : ഏജന്റിന്റെ ചതിയിലൂടെ റഷ്യൻ കൂലി പട്ടാളത്തിൽ എത്തിച്ചേർന്ന മലയാളി യുവാക്കളിൽ ഒരാൾക്ക് കൂടി ഗുരുതര പരിക്ക്. തിരുവനന്തപുരം പൂവാർ സ്വദേശിയായ ഡേവിഡ് മുത്തപ്പൻ എന്ന യുവാവിനാണ് കഴിഞ്ഞദിവസം യുദ്ധത്തിനിടെ പരിക്കേറ്റത്. ഡ്രോൺ ആക്രമണത്തിലാണ് യുവാവിന്റെ കാലിന് പരിക്കേറ്റത്.
ഡൽഹിയിലെ ഒരു സ്വകാര്യ ഏജൻസി വഴിയാണ് ഡേവിഡ് തിരുവനന്തപുരത്തുനിന്നും റഷ്യയിലേക്ക് എത്തിയിരുന്നത്. സെക്യൂരിറ്റി ജോലിക്കാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാളെ റഷ്യയിലേക്ക് കൊണ്ടുപോയിരുന്നത്. മൂന്നു ലക്ഷത്തി നാല്പത്തി ആറായിരം രൂപ ഏജന്റിന് നൽകിയാണ് ഡേവിഡ് റഷ്യയിലേക്കുള്ള വിസ നേടിയിരുന്നത്.
റഷ്യയിൽ എത്തിയശേഷം രണ്ടുമാസത്തോളം മാത്രമാണ് ഡേവിഡ് സെക്യൂരിറ്റി ജോലി ചെയ്തത്. പിന്നീട് യുക്രൈൻ-റഷ്യ യുദ്ധത്തിൽ റഷ്യക്ക് വേണ്ടി കൂലിപ്പട്ടാളത്തിൽ ചേരേണ്ടി വരികയായിരുന്നു. ഡ്രോൺ ആക്രമണത്തിൽ പരിക്ക് പറ്റിയ ഡേവിഡ് നിലവിൽ റഷ്യയിലെ ഒരു പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ് എന്നാണ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ഡേവിഡിന്റെ കുടുംബം ആവശ്യപ്പെട്ടു.










