തിരുവനന്തപുരം : ദേശീയ പാർട്ടി പദവി നഷ്ടപ്പെടുന്നതോടെ ചിഹ്‌നവും കൊടിയും നഷ്ടപ്പെടുമെന്നുള്ള കാര്യത്തിൽ സിപിഎമ്മിന് ആശങ്ക വേണ്ടെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. നിലവിലെ സിപിഎമ്മിന്റെ ചിഹ്നവും കൊടിയും കാലഹരണപ്പെട്ടു കഴിഞ്ഞതാണ്. പുതിയ തലമുറ അവയെ മാരകായുധങ്ങളായി മാത്രമാണ് കാണുന്നത് എന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി.
കേരളത്തിന് പുറത്തു പോയി കഴിഞ്ഞാൽ ചുവപ്പ് കൊടി കാണുന്നത് തലയോട്ടിയുടെ ചിത്രം ഉള്ള ബോർഡുകൾക്ക് സമീപം മാത്രമായിരിക്കും. അപകടകരമായ രീതിയിൽ ഭീഷണി ഉയർത്തുന്ന പാലങ്ങൾക്കും റോഡുകൾക്കും സമീപമാണ് മറ്റിടങ്ങളിൽ ചുവപ്പു കൊടി കാണാൻ കഴിയുക എന്നും ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.
നിലവിൽ സിപിഎമ്മിന്റെ ചിഹ്നമായ അരിവാളും ചുറ്റികയും എല്ലാം കർഷകരുടെയും വ്യവസായികളുടെയും പണിയായുധമായിരുന്ന കാലമൊക്കെ അസ്തമിച്ചു കഴിഞ്ഞു. മനുഷ്യനെ തലയറുത്തും തലയ്ക്ക് അടിച്ചും കൊല്ലുന്ന മാരകായുധങ്ങൾ ആയാണ് പുതിയ തലമുറ സിപിഎമ്മിന്റെ ചിഹ്നങ്ങളെ കാണുന്നത്. അതിലും ഭേദം ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നം തന്നെയായിരിക്കും എന്നും ചെറിയാൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു.







