ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു തിയേറ്ററുകളിൽ വൻ വിജയം സൃഷ്ടിച്ചിരിക്കുകയാണ്. ഫെബ്രുവരി 9 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യദിനം തന്നെ പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. ഹൈദരാബാദ് പശ്ചാത്തലമാക്കുന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റ തെലുങ്ക് പതിപ്പും പിന്നാലെ തമിഴ് പതിപ്പും തിയറ്ററുകളിലെത്തുകയായിരുന്നു.
ഇപ്പോഴിതാ, തെലുങ്കിൽ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. തെലുങ്കിൽ നിന്ന് സിനിമ ഇതുവരെ 15 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്.
ഇതോടെ തെലുങ്കിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന മലയാളം സിനിമ എന്ന റെക്കോർഡും പ്രേമലു സ്വന്തമാക്കി. സിനിമയെ പ്രശംസിച്ച് തമിഴ്-തെലുങ്ക് ഇൻഡസ്ട്രിയിലെ താരങ്ങളും പ്രതികരണമറിയിച്ചിരുന്നു. സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ തെലുങ്ക് താരം മഹേഷ് ബാബു പ്രേമലുവിനെ പ്രശംസിച്ചിരുന്നു.
സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയാണ് സ്വന്തമാക്കിയത്. ചിത്രം തമിഴിലേക്ക് ഏറ്റെടുത്തിരിക്കുന്നത് റെഡ് ജെയ്ന്റ് മൂവീസ് ആണ്. നിലവിൽ 130 കോടിയോളം രൂപയാണ് സിനിമ ആഗോളതലത്തിൽ നേടിയത്. മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണിത്. 44 ദിവസം കൊണ്ട് പ്രേമലു ഇതര സംസ്ഥാനങ്ങളിൽ നിന്ന് നേടിയിരിക്കുന്നത് 25.90 കോടിയാണ്. ഒരു മലയാള ചിത്രം ഇതര സംസ്ഥാനങ്ങളിൽ നിന്ന് നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനാണ് ഇത്. മഞ്ഞുമ്മൽ ബോയ്സ് ആണ് ഒന്നാമത്. ചിത്രം തമിഴ്നാട്ടിൽ നിന്ന് മാത്രം 50 കോടി നേടിയിരുന്നു.
Discussion about this post