തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതി വച്ച കാവ്യനീതിയാണ് മകൾ വീണ വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. പിണറായി വിജയൻ അധികാരമേറ്റത് മുതൽ ഉമ്മൻ ചാണ്ടി മരിക്കുന്നതു വരെ കേരള പോലീസിനെയും സിബിഐയെയും ഉപയോഗിച്ച് അദ്ദേഹത്തെ വേട്ടയാടി. ഉമ്മൻ ചാണ്ടി രോഗിയായതും അകാലത്തിൽ മരിച്ചതും ഈ വേട്ടയാടൽ മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉമ്മൻ ചാണ്ടിയുടെ മക്കൾക്കെതിരെ നട്ടാൽ കുരുക്കാത്ത നുണകൾ പറഞ്ഞു പരത്തി. പിതൃ തുല്യനെന്ന് പറഞ്ഞ സ്ത്രീയെ ഉപയോഗിച്ച് അദ്ദേഹത്തിനെതിരെ ലൈംഗീകാരോപണം നടത്തി. പിണറായി വിജയന്റെ നിർദേശപ്രകാരം ഡിജിപി രാജേഷ് ദിവാൻ, എഡിജിപിമാരായ അനിൽകാന്ത്, ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ കിണഞ്ഞു പരിശ്രമിച്ചിട്ടും അദ്ദേഹത്തെ കുടുക്കാൻ കഴിയാതെ വന്നതോടെയാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി വെള്ളക്കടലാസിൽ പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണത്തിൽ വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്രയും വലിയ വേട്ടയാടൽ നടന്നിട്ടും അഗ്നിശുദ്ധി വരുത്തി തിരിച്ചുവരാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. ഇതിനെല്ലാം കണക്കു ചോദിച്ച് കാലം കടന്നു വരും. പിണറായിക്കുള്ള വടി വെട്ടാൻ പോകുന്നതേയുള്ളൂ. ലാവ്‌ലിൻ കേസ്, സ്വർണക്കടത്തുകേസ്, ഡോളർ കടത്തുകേസ് ലൈഫ് മിഷൻ കേസ്, കരുവന്നൂർ ഇഡി കേസ്, മാസപ്പടി കേസ് എന്നിങ്ങനെ 7 കേസുകൾക്കിടയിലും സുരക്ഷിതനായിരിക്കാൻ ഇന്ത്യയിൽ പിണറായിക്കു മാത്രമേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post