ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രധാന പ്രതി നിതീഷിനെതിരെ ഒരു പീഡന കേസ് കൂടി. സുഹൃത്തിന്റെ സഹോദരിയുടെ പരാതിയിലാണ് നിതീഷിനെതിരെ കേസ് എടുത്തിരിക്കുന്നത്. വിവാഹ ദോഷം മാറാനെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പെൺകുട്ടിയും കുടുംബവും പോലീസിൽ പരാതി നൽകിയത്. ദീർഘകാലമായി വിവാഹം നടക്കാത്തതിന്റെ പേരിൽ വിഷമത്തിലായിരുന്നു കുട്ടിയും കുടുംബവും. ഇക്കാര്യം കുട്ടിയുടെ സഹോദരൻ സുഹൃത്തായ നിതീഷിനോട് പറയുകയായിരുന്നു. ഇത് ഒരു അവസരമായി കണക്കാക്കിയ നിതീഷ് പരിഹാരമാർഗ്ഗങ്ങളും നിർദ്ദേശിച്ചു.
ദോഷം മാറാൻ പെൺകുട്ടിയെ നിതീഷ് പ്രതീകാത്മക വിവാഹം കഴിച്ചു. ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും അല്ലെങ്കിൽ കുടുംബത്തിന് മൊത്തം അപകടം സംഭവിക്കുമെന്നും വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. നിരവധി തവണയാണ് ഇത്തരത്തിൽ പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ഇതിലാണ് കേസ്.
നിലവിൽ മൂന്ന് ബലാത്സംഗ കേസുകളാണ് നിതീഷിനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് സൂചന. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസവും പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഗന്ധർവ്വനെന്ന് പറഞ്ഞ് പറ്റിച്ച് സുഹൃത്തിന്റെ അമ്മയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിലാണ് മറ്റൊരു കേസ്.












