ലക്‌നൗ: ഹൃദയാഘാതത്തെ തുടർന്ന് മുക്താർ അൻസാരി മരിച്ചതിന് പിന്നാലെ ജയിൽ അധികൃതർക്കെതിരെ ആരോപണവുമായി മകൻ ഉമർ അൻസാരി. സ്ലോ പോയിസൺ നൽകി ജയിൽ അധികൃതർ മുക്താർ അൻസാരിയെ കൊലപ്പെടുത്തിയതാണെന്നാണ് ഉമർ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഉമർ പറഞ്ഞു.
പിതാവിന്റെ മരണത്തെക്കുറിച്ച് യാതൊരു വിവരവും തന്നെ അധികൃതർ അറിയിച്ചിട്ടില്ല. പിതാവിന്റെ മരണവാർത്തയും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയായിരുന്നു. രണ്ട് ദിവസം മുൻപ് പിതാവിനെ കാണാൻ ജയിലിൽ എത്തിയിരുന്നു. എന്നാൽ തന്നെ കാണാൻ അനുവദിച്ചിരുന്നില്ല. പിതാവിനെ സ്ലോ പോയിസൺ വഴി പോലീസ് കൊലപ്പെടുത്തിയതാണ്. ഇതേക്കുറിച്ച് താൻ നേരത്തെയും വെളിപ്പെടുത്തിയിരുന്നു. ഈ മാസം 19 ന് രാത്രി ഭക്ഷണത്തിൽ നിന്നും അദ്ദേഹത്തിന് വിഷബാധയേറ്റിരുന്നു. പിതാവിന്റെ മരണത്തിൽ വിശദമായ അന്വേഷണം വേണം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. നിയമവ്യവസ്ഥയിൽ തങ്ങൾക്ക് പൂർണ വിശ്വാസം ഉണ്ട്. നീതി ലഭിക്കുമെന്നും ഉമർ വ്യക്തമാക്കി.
ഇന്ന് അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. ഉച്ചയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടുമെന്നാണ് കരുതുന്നത്. ഇതിന് ശേഷം മൃതദേഹം സംസ്‌കരിക്കും. അഞ്ച് ഡോക്ടർമാരുടെ സംഘമാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുക എന്നും ഉമർ കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രിയോടെയായിരുന്നു മുക്താർ അൻസാരി മരിച്ചത്. വൈകീട്ട് നോമ്പ് മുറിച്ചതിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ച അദ്ദേഹം അൽപ്പ സമയത്തിനുള്ളിൽ മരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Discussion about this post