എറണാകുളം: യുവതിയെ കുത്തി കൊന്നു. നിരപ്പ് സ്വദേശിയായ സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലാണ് ദാരുണമായ സംഭവം. പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പോലീസ് പിടികൂടി.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. സിംനയുടെ അച്ഛൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അദ്ദേഹത്തെ കാണാൻ എത്തിയതാണ് സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു. അമിത രക്തസ്രാവം മൂലമാണ് യുവതി മരിച്ചത്.
ഇരുവരും വിവാഹിതരാണ്. നേരത്തെ ഇരുവരും അയൽവാസികളും സുഹൃത്തുകളായിരുന്നു എന്നുമാണ് വിവരം. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നാലെയെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ഇയാളെ ചോദ്യം ചെയ്തു വരികയാണ് എന്ന് പോലീസ് പറഞ്ഞു.
Discussion about this post