ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന് മുന്നിൽ ക്രിക്കറ്റ് കളിച്ച് വെയിൽസ് രാജകുമാരൻ വില്യം. സൗരവ് ഗാംഗുലി, അജിങ്ക്യ രഹാനെ, ബ്രയാൻ ലാറ, ജെയിംസ് ആൻഡേഴ്സൺ, ജോ റൂട്ട് തുടങ്ങിയ മുൻനിര താരങ്ങൾ പങ്കെടുത്ത ‘ക്രിക്കറ്റ് ഓൺ ദ മാൾ’ എന്ന പരിപാടി ശ്രദ്ധേയമായി. മുംബൈയിൽ നടക്കാനിരിക്കുന്ന എർത്ത്ഷോട്ട് പ്രൈസ് പുരസ്കാരച്ചടങ്ങിന് മുന്നോടിയായി ക്രിക്കറ്റിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ചടങ്ങിനിടെ ആരാധകരോട് സംസാരിച്ച വില്യം, സൗരവ് ഗാംഗുലിയെ മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഇതിനിടെ, 2027ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി ഗാംഗുലിയെ നിയമിച്ചിരിക്കുകയാണ്. ഹേമംഗ് ബദാനിയുടെ പകരക്കാരനായാണ് ഗാംഗുലി ചുമതലയേൽക്കുന്നത്. ഡൽഹി ക്യാപിറ്റൽസുമായി ദീർഘകാല ബന്ധമുള്ള ഗാംഗുലി 2019ലാണ് ടീമിന്റെ ഉപദേഷ്ടാവായി ഫ്രാഞ്ചൈസിയിലെത്തിയത്. പിന്നീട് പുരുഷ-വനിതാ ടീമുകളുടെ ക്രിക്കറ്റ് ഡയറക്ടർ ഉൾപ്പെടെ വിവിധ ചുമതലകൾ വഹിച്ചു. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിലെ ടി20 ലീഗായ എസ്എ20യിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഉടമസ്ഥതയിലുള്ള പ്രിട്ടോറിയ ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായും പ്രവർത്തിച്ചു.
ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലക ചുമതല ഏറ്റെടുക്കുന്നതിൽ ആവേശമുണ്ടെന്ന് ഗാംഗുലി വ്യക്തമാക്കി. ഫ്രാഞ്ചൈസി തനിക്ക് ഏറെ അടുപ്പമുള്ളതാണെന്നും വർഷങ്ങളായി ടീമുമായി ശക്തമായ ബന്ധം നിലനിർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉടമകൾ, മാനേജ്മെന്റ്, പരിശീലകസംഘം, താരങ്ങൾ എന്നിവരുമായി അടുത്ത് പ്രവർത്തിച്ചിട്ടുള്ളതിനാൽ പുതിയ ചുമതല ആവേശകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിവുള്ള താരങ്ങൾ ടീമിലുണ്ടെന്നും പുതിയ സീസണിൽ കരുത്തുറ്റതും ഭയമില്ലാതെ കളിക്കുന്നതുമായ ഒരു ടീമിനെ വാർത്തെടുക്കുകയാണ് ലക്ഷ്യമെന്നും ഗാംഗുലി വ്യക്തമാക്കി.
ഡൽഹി ക്യാപിറ്റൽസിന്റെ ഉടമസ്ഥാവകാശം ജിഎംആർ ഗ്രൂപ്പും ജെഎസ്ഡബ്ല്യു ഗ്രൂപ്പും പങ്കിടുകയാണ്. രണ്ട് ഗ്രൂപ്പുകളും രണ്ട് വർഷം വീതമുള്ള ക്രമത്തിലാണ് ടീമിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുന്നത്. 2026ൽ ജിഎംആറിന്റെ കാലാവധി അവസാനിച്ചതോടെയാണ് അടുത്ത ഘട്ടത്തിലേക്ക് ടീം കടക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഡൽഹിക്ക് പ്ലേഓഫിലെത്താൻ കഴിയാതിരുന്നതോടെയാണ് ബദാനിക്ക് പകരം ഗാംഗുലിയെ മുഖ്യ പരിശീലകനായി നിയമിച്ചത്.











