ന്യൂഡൽഹി : അരുണാചൽ പ്രദേശിന്റെ മേൽ ചൈന ഉയർത്തുന്ന അവകാശവാദങ്ങളെ തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് ചൈനയ്ക്കും നന്നായി അറിയാവുന്നതാണ്. സ്ഥലങ്ങളുടെ പേരുകൾ മാറ്റിയാൽ അത് ചൈനയുടേത് ആവില്ല എന്നും വ്യക്തമാക്കി.
അയൽ രാജ്യങ്ങളുമായുള്ള തർക്കങ്ങൾ കാരണമാണ് ചൈന എപ്പോഴും വാർത്തകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകൾ ചൈന മാറ്റി എന്ന് കരുതി യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. നിങ്ങളുടെ വീടിന്റെ പേര് ഞാൻ മാറ്റി എന്ന് കരുതി അത് എന്റേതാകുമോ? എന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചോദ്യം ഉന്നയിച്ചു.
ഇന്ത്യൻ സൈന്യം യഥാർത്ഥ നിയന്ത്രണ രേഖയിൽ കടുത്ത ജാഗ്രതയിലാണ് തുടരുന്നത്. അരുണാചൽ പ്രദേശിന്മേൽ ചൈന നടത്തുന്ന തുടർച്ചയായ അവകാശവാദങ്ങൾ യഥാർത്ഥത്തിൽ കൊള്ളരുതായ്മയാണ്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് തങ്ങൾ ഒരിക്കലും അംഗീകരിക്കില്ല എന്നാണ് ചൈന പറയുന്നത്. ഈ അസംബന്ധമായ അവകാശവാദങ്ങളെ ഇന്ത്യ തള്ളിക്കളയുകയാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.








