ന്യൂഡൽഹി: വിസ്താര വിമാനങ്ങൾ കൂട്ടത്തോടെ റദ്ദായത്തിനെ തുടർന്ന് എയർലൈൻ വിസ്താര സിഇഒ പൈലറ്റുമാരുമായി കൂടികാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഉന്നത മാനേജ്മെന്റിന്റെയും ഹ്യൂമൻ റിസോഴ്സ് ടീമിന്റെയും പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. െൈപലറ്റുമാരുടെ അഭാവത്തെത്തുടർന്ന് 100 ലധികം വിമാനങ്ങൾ റദ്ദാക്കുകയും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വൈകുകയും ചെയ്തതിന് പിന്നാലെയാണ് ചർച്ച ഏർപ്പെടുത്തിയിരിക്കുന്നത്.
ശമ്പളഘടനയിൽ വരുത്തിയ മാറ്റത്തിൽ പ്രതിഷേധിച്ചുള്ള പൈലറ്റുമാരുടെ പ്രതിഷേധമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്. പുതിയ ശമ്പളഘടന സംബന്ധിച്ച് വിസ്താര എയർലൈൻസ് പൈലറ്റുമാരെ ഇ-മെയിൽ മുഖാന്തരം അറിയിക്കുകയും ഇത് അംഗീകരിച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പൈലറ്റുമാരടക്കമുള്ള ജീവനക്കാർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നത് എന്നാണ് വിവരം.
ഇന്നലെ മാത്രം വിസ്താരയുടെ 50 ലധികം വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. 160 ഓളം വിമാനങ്ങൾ വൈകുകയും ചെയ്തു. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എയർലൈൻ അധികൃതർ അറിയിക്കുന്നത്. തുടർച്ചയായി വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോട്ട് കൈമാറാൻ കേന്ദ്ര വ്യോമയാന മന്ത്രാലായം നിർദേശിച്ചിരുന്നു. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യങ്ങളിൽ ക്ഷമ ചോദിക്കുന്നതായും അസൗകര്യങ്ങൾ പരമാവധി ലഘൂകരിക്കുന്നതിനായി തങ്ങളുടെ ജീവനക്കാർ പരമാവധി പ്രയത്‌നിക്കുന്നുണ്ടെന്നും എയർലൈൻ പുറത്ത് വിട്ട പ്രസ്താവനയിൽ അറിയിച്ചിരുന്നു.
Discussion about this post