മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സീറ്റ് വിഭജനം ആത്മഹത്യാപരം ആണെന്ന പരാമർശത്തിന് പിന്നാലെ, കോൺഗ്രെസ്സുമായുള്ള ബന്ധത്തെ കുറിച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. മഹാരാഷ്ട്രയിലെ കോൺഗ്രസിന്റെ താര പ്രചാരകരിലൊരാളാണ് നിരുപം. ഞാൻ കോൺഗ്രസ് പാർട്ടിക്ക് കൊടുത്ത ഒരാഴ്ചത്തെ സാവകാശം നാളെ കഴിയുകയാണെന്നും അതിനാൽ നാളെ മുതൽ സ്വാതന്ത്രനാണെന്നും നിരുപം ഇന്ന് വ്യക്തമാക്കി. നാളെ നിർണായകമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ നോർത്ത് വെസ്റ്റ് പാർലമെൻ്റ് മണ്ഡലത്തിൽ നിന്നുള്ള അമോൽ കീർത്തികറിനെ ഉൾപ്പെടുത്തി ശിവസേന (യുബിടി) മഹാരാഷ്ട്രയിലെ തങ്ങളുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി മണിക്കൂറുകൾക്ക് ശേഷം, സഞ്ജയ് നിരുപം ശിവ സേനയ്ക്ക് മുന്നറിയിപ്പ് നൽകി കൊണ്ട് രംഗത്ത് വന്നിരുന്നു . അവരുമായുള്ള കോൺഗ്രസ് പാർട്ടിയുടെ സഖ്യം “സ്വയം വിനാശകരം” ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന് കോൺഗ്രസിന്റെയും ശിവസേനയുടെയും നിലപാട് തിരുത്താൻ അദ്ധേഹം ഇരുവർക്കും ഒരാഴ്ചത്തെ സമയവും അനുവദിച്ചിരുന്നു, അത് നാളെ പൂർത്തിയാവുകയാണ്.
മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ മത്സരിക്കാൻ സഞ്ജയ് നിരുപം ആഗ്രഹിച്ചിരുന്നുവെങ്കിലും കോൺഗ്രസും ശിവസേന ഉദ്ധവ് ഘടകവും തമ്മിൽ നടന്ന സീറ്റ് വിഭജനത്തിന് ശേഷം സീറ്റ് ശിവസേന (യുബിടി) സ്ഥാനാർത്ഥി അമോത് കീർത്തികറിന് ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ശിവ സേന അതിരു കടക്കരുതെന്നും, ഈ സഖ്യം കോൺഗ്രസിന് നല്ലതല്ലെന്നുമുള്ള അഭിപ്രായവുമായി സഞ്ജയ് നിരുപം രംഗത്ത് വന്നത്. എന്നാൽ ഇതിനെതിരെ സഞ്ജയിനെ താര പ്രചാരക സ്ഥാനത്ത് നിന്നും നീക്കി കൊണ്ടായിരുന്നു കോൺഗ്രസ് പ്രതികരിച്ചത്
“കോൺഗ്രസ് പാർട്ടി എനിക്ക് വേണ്ടി അധികം ഊർജ്ജം പാഴാക്കേണ്ടതില്ല . പകരം അത് പാർട്ടിയെ രക്ഷിക്കാൻ ഉപയോഗിക്കുക. എന്തായാലും പാർട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഞാൻ നൽകിയ ഒരാഴ്ചത്തെ കാലാവധി ഇന്ന് പൂർത്തിയായി. നാളെ തീരുമാനം ഞാൻ തന്നെ എടുക്കും-അദ്ദേഹം പറഞ്ഞു.
Discussion about this post