തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ്, കൗൺസിലർ പി കെ ഷാജൻ എന്നിവർ ഇന്ന് ഇഡിക്ക് മുൻപിൽ ഹാജരാകണം. രാവിലെ 10 മണിയോടെ ഹാജരാകാനാണ് ഇരുവർക്കും നിർദേശം നൽകിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തിരക്കിലാണെന്നും ഈ മാസം 26 ന് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും ചൂണ്ടിക്കാട്ടി ഇന്നലെ വർഗ്ഗീസ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചിരുന്നു. എന്നാാൽ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇഡി നിലപാട് കടുപ്പിക്കുകയായിരുന്നു.
സിപിഎമ്മിന് കരുവന്നൂർ ബാങ്കിൽ അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഈ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും വർഗീസിൽ നിന്ന് ഇഡി തേടുന്നത്. കരുവന്നൂർ ക്രമക്കേടൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷനിൽ അംഗമായിരുന്നു കൗൺസിലർ പികെ ഷാജൻ. അന്വേഷണം നടത്തിയ ആളെന്ന നിലയിൽ ക്രമകേടിന് ആരൊക്കെയാണ് കൂട്ട് നിന്നത് എന്ന് കൃത്യമായി പികെ ഷാജന് അറിയാം. അതുകൊണ്ട് ഇദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ അറിയണം എന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.
കേസിൽ സിപിഎം നേതാവ് പി.കെ. ബിജു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ കഴിഞ്ഞ ദിവസം ഹജരായിരുന്നു. മുഖ്യ പ്രതി സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ബിജുവിനെ ഇഡി ചോദ്യം ചെയ്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നിരുന്നു.
Discussion about this post