ലക്‌നൗ: അമേഠിയിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയ്ക്ക് കോൺഗ്രസ് സീറ്റ് നൽകില്ലെന്ന് വിവരം. റോബർട്ട് വദ്രയുടെ പ്രസ്താവന അനാവശ്യമെന്നും പാർട്ടി വിലയിരുത്തൽ. അമേഠിയിലും റായ്ബറേലിയിലും ആര് മത്സരിക്കണമെന്ന അഭ്യൂഹം ഉയരുന്നതിനിടെയാണ് റോബർട്ട് വാദ്രയുടെ പരാമർശം. അമേഠിയിലെ ജനം തന്നെ പ്രതീക്ഷിക്കുന്നുവെന്നും സിറ്റിംഗ് എംപി സ്മ്യതി ഇറാനിയുടെ ഭരണത്തിൽ അമേഠി വീർപ്പുമുട്ടുകയാണെന്നും റോബർട്ട് വാദ്ര ഇന്നലെ പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ പ്രഥമ പരിഗണന അമേഠിക്കായിരിക്കുമെന്നും സിറ്റിംഗ് എംപിയെ ജനം മടുത്തെന്നും റോബർട്ട് കുറ്റപ്പെടുത്തിയിരുന്നു.
അമേഠിയിലെ ജനങ്ങൾക്ക് അവരുടെ തെറ്റ് മനസ്സിലായി. ഇപ്പോൾ അവർക്ക് ഒരു ഗാന്ധി കുടുംബാംഗം മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ് ആഗ്രഹം. താൻ രാഷ്ട്രീയത്തിലേക്ക് വരുകയാണെങ്കിൽ അമേഠി തിരഞ്ഞെടുക്കണമെന്ന് അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ടെന്നും വാദ്ര പറഞ്ഞിരുന്നു. ആദ്യ രാഷ്ട്രീയ പ്രചാരണം 1999ൽ പ്രിയങ്കയ്ക്കൊപ്പം അമേഠിയിലായിരുന്നുവെന്നും അദ്ദേഹം ഓർമ്മിച്ചിരുന്നു.
പതിറ്റാണ്ടുകളായി കോൺഗ്രസ് കോട്ടയാണ് അമേഠി. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി തോൽപ്പിച്ചതോടെയാണ് അമേഠി വീണ്ടും ചർച്ചാവിഷയമാവുന്നത്. 2004, 2009, 2014 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധി അമേഠിയിൽ വിജയിച്ചെങ്കിലും 2019 ൽ മണ്ഡലം കൈവിട്ടുപോയി.അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻറെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ചേർന്നാകും പ്രകടനപത്രിക പുറത്തിറക്കുക. ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി മുന്നോട്ടുവച്ച അഞ്ച് ഗ്യാരണ്ടികളാകും പ്രകടന പത്രികയുടെയും ഹൈലൈറ്റ്.
Discussion about this post