എറണാകുളം: മൂവാറ്റുപുഴയിൽ വിവിധ ഭാഷാ തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പത്ത് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. മൂവാറ്റുപുഴ സ്വദേശികളായ വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഭവം ആൾക്കൂട്ട മർദ്ദനമാണെന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അരുണാചൽപ്രദേശ് സ്വദേശി അശോക് ദാസാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഹോട്ടൽ ജീവനക്കാരനാണ് ഇയാൾ. രാത്രി ഹോട്ടലിൽ ഇയാൾക്കൊപ്പം ജോലി ചെയ്തുവരികയായിരുന്ന പെൺകുട്ടിയെ കാണാൻ പോയതായിരുന്നു അശോക് ദാസ്. ഇതിനിടെ അവിടെയെത്തിയ ആൾക്കൂട്ടം തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു.
ഇതിനിടെ ഇയാൾ രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ചു. എന്നാൽ വീണ്ടും പിടികൂടി തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഇയാൾ അവശനായതോടെ പോലീസ് എത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളായതോടെ ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആയിരുന്നു മരണം.
ആൾക്കൂട്ട ആക്രമണത്തിൽ നെഞ്ചിനും തലയ്ക്കും സാരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post