ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞദിവസം ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി രാജസ്ഥാനിൽ നടത്തിയ പരാമർശത്തിനെതിരെ ആയിരുന്നു അമിത് ഷാ വിമർശനമുന്നയിച്ചത്. കശ്മീരിലെ ജനതയ്ക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും അവകാശമുണ്ട്. അതുപോലെതന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും കശ്മീരിൽ അവകാശമുണ്ട് എന്നും അമിത് ഷാ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ ചുരുവിൽ വച്ച് നടത്തിയ തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിൽ കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ കുറിച്ച് പരാമർശം നടത്തിയിരുന്നു. ഇതായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രകോപിപ്പിച്ചത്. മോദി എന്തിനാണ് രാജസ്ഥാനിൽ വച്ച് കശ്മീരിന്റെ കാര്യം പരാമർശിക്കുന്നത്? കശ്മീരും രാജസ്ഥാനും തമ്മിൽ എന്താണ് ബന്ധം? എന്നെല്ലാം ആയിരുന്നു ഖാർഗെ രാജസ്ഥാനിൽ നടത്തിയ സമ്മേളനത്തിൽ ചോദ്യമുന്നയിച്ചിരുന്നത്.
കശ്മീരിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി എത്രയോ ധീരരായ രാജസ്ഥാനി പൗരന്മാർ തങ്ങളുടെ ജീവൻ ബലിയർപ്പിച്ചിട്ടുണ്ട് എന്നുള്ള കാര്യം കോൺഗ്രസിന് അറിയില്ല എന്ന് അമിത് ഷാ വ്യക്തമാക്കി. എന്നാൽ ഇതൊന്നും കോൺഗ്രസുകാരുടെ കുറ്റമല്ല. ഇന്ത്യ എന്ന ആശയം തന്നെ അവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. കോൺഗ്രസിന് ഇപ്പോൾ ഇറ്റാലിയൻ സംസ്കാരമാണ് ഉള്ളത്. എന്നാൽ കോൺഗ്രസുകാരുടെ ഈ വാക്കുകൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പൊരുതുന്ന ദേശസ്നേഹികളായ ഓരോ പൗരനെയും വേദനിപ്പിക്കുന്നതാണ്. കോൺഗ്രസിനുള്ള മറുപടി ഈ ജനങ്ങൾ തന്നെ നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.








