കോഴിക്കോട്: പാനൂർ ബോംബ് സ്‌ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. കേസിൽ അറസ്റ്റിലായ അമൽ റെഡ് വളണ്ടിയർ മാർച്ച് നടത്തുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പ്രകാശ് ബാബുവിന്റെ കുറിപ്പ്. പാനൂർ ബോംബ് നിർമ്മാണത്തിൽ പാർട്ടിക്ക് പങ്കില്ല അല്ലേ. റെഡ് വളണ്ടിയർ മാർച്ച് മുന്നിൽ നിന്ന് നയിക്കുന്നവൻ ആരാണ് എന്നറിയാമോ? അറസ്റ്റ് ചെയ്ത പുണ്യാളൻ സഖാവ് അമൽ. മുഖ്യപ്രതി എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ബോംബെടാ ഇത് ബോംബെടാ. സഖാവ് എംവി ഗോവിന്ദൻ മാസ്റ്ററോടാ. ഇനി കിളി പോയി ഇത് ലഷ്‌കർ ഇ ത്വയ്ബ മാർച്ചാണെന്ന് മാത്രം പറയരുതേ. പാനൂർ ബോംബ് നിർമ്മാണത്തിൽ പാർട്ടിക്ക് പങ്കില്ല അല്ലേ. റെഡ് വളണ്ടിയർ മാർച്ച് മുന്നിൽ നിന്ന് നയിക്കുന്നവൻ ആരാണ് എന്നറിയാമോ? അറസ്റ്റ് ചെയ്ത പുണ്യാളൻ സഖാവ് അമൽ. മുഖ്യപ്രതി…
അതേസമയം, സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ആവർത്തിച്ച് എംവി ഗോവന്ദൻ രംഗത്തെത്തിയിരുന്നു. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം പ്രവർത്തകർ സന്ദർശനം നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരോട് രൂക്ഷമായ രീതിയിലാണ് എംവി ഗോവിന്ദൻ പ്രതികരിച്ചത്.
‘അത് എനിക്കറിയില്ല. അറിയില്ലെന്ന് പറഞ്ഞില്ലേ. ഷെറിന്റെ വീട്ടിൽ ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ പോയവരെക്കുറിച്ച് അന്വേഷിച്ചോട്ടേ’- എന്നായിരുന്നു ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വീണ്ടും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ദേഷ്യത്തോടെയാണ് സംസാരിച്ചത്. പാർട്ടി സഖാക്കളെത്തന്നെ ആക്രമിച്ച കേസിലെ പ്രതികളാണ് അവരെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഏരിയ കമ്മറ്റി അംഗം സുധീർ, ലോക്കൽ കമ്മറ്റി അംഗം അശോകൻ എന്നിവരാണ് സന്ദർശനത്തിനെത്തിയത്. സംസ്‌കാര ചടങ്ങിൽ കെപി മോഹനൻ എംഎൽഎയും സജീവമായി പങ്കെടുത്തിരുന്നു.എം എൽ എ എന്ന നിലയിലാണ് വീട് സന്ദർശിച്ചതെന്നാണ് കെപി മോഹനൻ നൽകിയ വിശദീകരണം.
എന്നാൽ ബോംബ് നിർമ്മാണത്തിനിടെ മരിച്ചയാൾക്കും പരിക്കേറ്റവർക്കും പാർട്ടി ബന്ധമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം പറയുന്നത്.
സി.പി.എമ്മുകാരെ മർദിച്ച കേസിൽ പ്രതികളാണ് മരിച്ച ഷറിലും പരിക്കേറ്റ വിനീഷും എന്ന കച്ചിത്തുരുമ്പിൽ പിടിച്ചാണ് പാർട്ടിയുടെ പ്രതിരോധം മുഴുവൻ. പാനൂർ ഏരിയ സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വരെ ഈ വിഷയമാണ് ആവർത്തിക്കുന്നത്.
Discussion about this post