ഗുവാഹത്തി: ഐഎസ് ഭീകരബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ ഗുവാഹത്തി ഐഐടിയിലെ വിദ്യാർത്ഥികൾക്കായി കോടതിയിൽ കേസ് വാദിക്കാൻ അസമിലെ പ്രമുഖ കോൺഗ്രസ് നേതാവ്. കോൺഗ്രസിന്റെ കരിംഗഞ്ച് സ്ഥാനാർഥി കൂടിയായ ഹാഫിസ് റാഷിദ് അഹമ്മദ് ചൗധരിയാണ് തൗസീഫ് അലി ഫാറൂഖിയെന്ന വിദ്യാർത്ഥിയുടെ കേസ് ഏറ്റെടുത്തിരിക്കുന്നത്.
ഫാറൂഖിയുടെ രക്ഷിതാക്കളാണ് ചൗധരിയെ കണ്ട് കേസ് വാദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുവാഹത്തി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ചൗധരി. കോൺഗ്രസ് നേതാവ് ഭീകര ബന്ധമുള്ള വിദ്യാർത്ഥിയുടെ കേസ് ഏറ്റെടുത്തത് സംസ്ഥാനത്ത് വലിയ വിവാദമായിരിക്കുകയാണ്.
അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ വോട്ട് നേടാൻ വേണ്ടിയാണ് ചൗധരി ഈ കേസ് ഏറ്റെടുത്തിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ”വോട്ട് നേടാൻ അഹമ്മദ് ചൗധരി ചെയ്യുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഞങ്ങളാണ് ഇപ്പോൾ അസം ഭരിക്കുന്നതെന്ന് ആരും മറക്കേണ്ട. നിയമം ലംഘിക്കുന്നവരെ ആരെയും ഞങ്ങൾ വെറുതെ വിടില്ല,” ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
Discussion about this post