ചെന്നൈ : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്നും മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി വിജയിക്കുമെന്ന് പ്രവചിച്ചതിന്റെ പേരിൽ കുടുങ്ങിയിരിക്കുകയാണ് രണ്ട് കൈനോട്ടക്കാർ. വഴിയോരത്ത് കൈനോട്ടം നടത്തുന്ന സഹോദരങ്ങളായ രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കടലൂരിലെ പി എം കെ സ്ഥാനാർത്ഥിയായ ചലച്ചിത്ര സംവിധായകൻ തങ്കർ ബച്ചൻ തിരഞ്ഞെടുപ്പിൽ വിജയിക്കും എന്ന് പ്രവചിച്ചതിന് പിന്നാലെയാണ് കൈനോട്ടക്കാർക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസം തമിഴ്നാട്ടിലെ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായ ഒരു വീഡിയോ ആയിരുന്നു തങ്കർ ബച്ചന്റെ കൈനോട്ടം. തത്തയെക്കൊണ്ട് ചീട്ട് എടുപ്പിച്ച ശേഷം കൈനോട്ടക്കാർ തങ്കർ ബച്ചൻ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പ്രവചിക്കുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് കൈനോട്ടക്കാർക്ക് എതിരെ കേസെടുത്തിരിക്കുന്നത്.
അനധികൃതമായി തത്തകളെ കൈവശം സൂക്ഷിച്ചു എന്നതിനാണ് കൈനോട്ടക്കാർക്ക് എതിരെ കേസെടുത്തിരിക്കുന്നത്. വനം വകുപ്പാണ് ഇവർക്കെതിരായി കേസെടുത്തിരിക്കുന്നത്. തുടർന്ന് കൈനോട്ടക്കാരായ സഹോദരങ്ങളെ അറസ്റ്റ് ചെയ്ത ശേഷം താക്കീത് നൽകി വിട്ടയച്ചു.
Discussion about this post