കണ്ണൂർ: പാനൂർ ബോംബ് നിർമ്മാണക്കേസിലെ ഉത്തരവാദിത്വം ഡിവൈഎഫ്‌ഐയുടെ തലയിലിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതികളെ കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്‌ഐയോടാണ്. സിപിഎമ്മിന് ബോംബുണ്ടാക്കേണ്ട കാര്യമില്ല. പാർട്ടിക്ക് ഇതിലൊന്നും പങ്കില്ല. രക്ഷാപ്രവർത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു.
‘ഡിവൈഎഫ്‌ഐക്കാർക്ക് കേസിൽ പങ്കുണ്ടെങ്കിൽ അത് അവരോടാണ് ചോദിക്കേണ്ടത്. സിപിഎമ്മിന് ബോംബ് നിർമ്മാണത്തിൽ ഒരു പങ്കുമില്ല. അത്തരമൊരു ഇടപാടും സിപിമ്മിനില്ല. ജനങ്ങളെ അണിനിരത്തിയുള്ള പ്രവർത്തനമാണ് പാർട്ടിയുടേത്. ഡിവൈഎഫ്‌ഐയ്ക്ക് കേസിൽ ബന്ധമുണ്ടെങ്കിൽ അതിന് ഉചിതമായ നടപടി അവർ സ്വീകരിക്കും. ഞങ്ങൾക്ക് പോഷക സംഘടനയായി ഒരു സംഘടനയില്ല. ഡിവൈഎഫ്‌ഐയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവരോടാണ് ചോദിക്കേണ്ടത്’- എംവി ഗോവിന്ദൻ പറഞ്ഞു.
ബോംബ് നിർമ്മാണം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ളതാണെന്ന റിമാൻഡ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രതികൾ ബോംബ് ഉണ്ടാക്കിയത് രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കാനാണെന്ന കണ്ടെത്തലും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ബോംബ് നിർമ്മാണത്തിന് തിരഞ്ഞെടുപ്പുമായോ കക്ഷി രാഷ്ട്രീയമായോ ബന്ധമില്ലെന്ന സിപിഎമ്മിന്റെ വാദത്തെ പൊളിക്കുന്നതാണ് റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ കൂടാതെ മറ്റ് പ്രതികളായ സായൂജ്, അമൽ ബാബു, ഷിജാൽ അക്ഷയ് എന്നിവരുടെ പങ്കിനെ കുറിച്ചും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.








