ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉടൻ ബിജെപിയിലേക്ക് പോകുമെന്ന് ബിആർഎസ് നേതാവ് കെടി രാമറാവു. രേവന്ത് റെഡ്ഡി ഒരിക്കലും കോൺഗ്രസിൽ തുടരില്ലെന്നും അദ്ദേഹത്തോടൊപ്പം ദക്ഷിണേന്ത്യയിലെ മറ്റ് പ്രമുഖ നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുമെന്നും കെടിആർ ആരോപിച്ചു.
”ഇതുവരെ ഞാൻ പതിനഞ്ച് തവണയെങ്കിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും രേവന്ത് റെഡ്ഡി പ്രതികരിച്ചിട്ടില്ല. പ്രപഞ്ചത്തിലെ മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും തന്റെ നിലപാട് വ്യക്തമാക്കുന്ന രേവന്ത് റെഡ്ഡി ഇക്കാര്യത്തിൽ സംസാരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നാൽ ഉടൻ കോൺഗ്രസ് വിടാനാണ് അദ്ദേഹത്തിന്റെ തീരുമാനം. രേവന്ത് റെഡ്ഡി മാത്രമല്ല, ദക്ഷിണേന്ത്യയിലെ മറ്റ് നേതാക്കളും അദ്ദേഹത്തോടൊപ്പം ബിജെപി അംഗത്വം സ്വീകരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്” കെടിആർ പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുമ്പോൾ, മോദി തന്റെ മുതിർന്ന സഹോദരനാണ് എന്നാണ് രേവന്ത് പറയുന്നത്. അദിലാബാദിൽ കഴിഞ്ഞ മാസം നടന്ന പരിപാടിയിലാണ് രേവന്ത് റെഡ്ഡി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ സഹായത്തോടെ മാത്രമേ മുഖ്യമന്ത്രിമാർക്ക് സംസ്ഥാനങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. സംസ്ഥാനത്ത് പുരോഗതി ഉണ്ടാകണമെങ്കിൽ നമ്മളും ഗുജറാത്ത് മോഡൽ പിന്തുടരണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയെ 5 ട്രില്യൺ സമ്പദ്വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രിയുടെ ആശയത്തിലേക്ക് തെലങ്കാന മികച്ച സംഭാവനകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post