ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെയാണ് കെജ്രിവാൾ ഹർജി നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര് ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കെജ്രിവാളിന്റെ ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
മദ്യ നയത്തിനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, ആം ആദ്മിയെ നശിപ്പിക്കാനുള്ളതാണെന്നുമാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 19 പ്രകാരം ഇഡിയുടെ പക്കൽ തനിക്കെതിരെ തെളിവുകളില്ലെന്നും ഹൈക്കാടതി വിധിക്കെതിരായ ഹർജിയിൽ പറയുന്നു.
ശക്തമായ തെളിവുകൾ ഉള്ളതിനാൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി സ്റ്റേ ചെയ്യാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഗൂഢാലോചന നടത്തിയതിനുൾപ്പെടെ തെളിവുകൾ ഉണ്ടെന്ന് ഹൈക്കോടതിക്ക് വ്യക്തമായ പശ്ചാത്തലത്തിലായിരുന്നു നടപടി.
Discussion about this post