തൃശൂർ: ആലത്തൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്തെത്തി. രാവിലെ 11 15ഓടെയാണ് പ്രധാനമന്ത്രി ചെറുവത്തൂർ മൈതാനത്ത് എത്തിയത്. രാവിലെ എറണാകുളം ഗസ്റ്റ്ഹൗസിൽ നിന്നും ഹെലിക്കോപ്ടർ മാർഗം അദ്ദേഹം ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് വന്നിറങ്ങി. അവിടെ നിന്നും റോഡ് മാർഗമാണ് പ്രധാനമന്ത്രി പൊതുസമ്മേളന വേദിയിൽ എത്തിയത്.
വീണ്ടും വടക്കുംനാഥന്റെ മണ്ണിൽ എത്താൻ കഴിഞ്ഞലെ സന്തോഷം അദ്ദേഹം പങ്കുവച്ചു. വടക്കുംനാഥന്റെയും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിന്റെയും ഗുരുവായൂർ ക്ഷേത്രത്തിന്റെയും പാവനഭൂമിയെ നമിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്തെ തന്റെ പ്രസംഗം ആരംഭിച്ചത്. തൃപ്രയാർ ക്ഷേത്രം ഭാരതത്തിലെ അയോദ്ധ്യയാണെന്ന് പറഞ്ഞ അദ്ദേഹം പുതുവർഷം കേരളത്തിന് വികസനത്തിന്റെ വർഷമാണെന്നും കൂട്ടിച്ചേർത്തു.
ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥി ടിഎൻ സരസു, തൃശൂരിലെ സ്ഥാനാർത്ഥി സുരേഷ് ഗോപി, മലപ്പുറം സ്ഥാനാർത്ഥി എം അബുദുൾ സലാം, പൊന്നാനി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്‌മണ്യം, ചാലക്കുടി സ്ഥാനാർത്ഥി കെ ഉണ്ണികൃഷ്ണൻ എന്നിവർ മോദിയയോടൊപ്പം വേദി പങ്കിട്ടു. പത്മജ വേണുഗോപാൽ, ദേവൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളും എരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് പ്രധാനമന്ത്രിയുടെ രണ്ടാം കേരള സന്ദർശനമാണ്. ഈ മാസം ആദ്യം അദ്ദേഹം പത്തനംതിട്ടയിലും പാലക്കാട്ടും എത്തിയിരുന്നു. കനത്ത ചൂടിനെ പോലും അവഗണിച്ച് നിരവധി ജനങ്ങളാണ് മോദിയെ വരവേൽക്കാൻ കുന്നംകുളത്ത് എത്തിയത്.
കേരളത്തിലെ പ്രചാരണ പരിപാടിയ്ക്ക് ശേഷം മോദി തമിഴ്‌നാട്ടിലേക്ക് തിരിക്കും. വൈകീട്ട് 4.15ഓടെ തിരുനെൽവേലിലയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.












