ആലപ്പുഴ: ജലഗതാഗത വകുപ്പ് ബോട്ട് ജീവനക്കാർക്കെതിരെ സാമൂഹ്യവിരുദ്ധർ തുടർന്ന് വരുന്ന കയ്യേറ്റ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ. സംഘ്. മുഹമ്മ ബോട്ട് ജെട്ടിയിൽ നിന്നും കുമരകത്തേക്ക് സർവീസ് നടത്തുന്ന ബോട്ട് ജീവനക്കാർക്കെതിരെയാണ് ആക്രമണം നടന്നത്. കേരള എൻ.ജി.ഒ. സംഘ് ആലപ്പുഴ ജില്ലാ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ജീവനക്കാരെ സംരക്ഷിക്കുവാൻ വകുപ്പിന് ഉത്തരവാദിത്വമുണ്ടന്നും, ഉത്തരവാദിത്വ ബോധത്തോട് കൂടി ജോലി ചെയ്യുന്ന ജീവനക്കാരന് സംരക്ഷണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ എത്രയും പെട്ടെന്ന് നിയമ നടപടികൾ എടുക്കണമെന്ന് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന സമിതി അംഗം എസ് സോളിമോൻ ആവശ്യപ്പെട്ടു. പ്രദേശത്ത് ജീവനക്കാർക്കെതിരെ ആക്രമണങ്ങൾ പതിവാണ്. ഇന്ന് രാവിലെയും ജീവനക്കാരെ സാമൂഹ്യ വിരുദ്ധർ കയ്യേറ്റം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മ സ്റ്റേഷനിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെയായിരുന്നു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് കെ.എൻ അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ആർ ദേവിദാസ്, സംസ്ഥാന സമിതി അംഗങ്ങളായ ശ്രീജിത്ത് കരുമാടി, ആദർശ് സിറ്റി, ജില്ലാ ട്രഷറർ ടി സന്തോഷ്, ജില്ലാ സമിതി അംഗം ശ്രീകണ്ഠൻ നായർ, എന്നിവർ സംസാരിച്ചു. ബ്രാഞ്ച് പ്രസിഡന്റ് എം ഷിജി സ്വാഗതവും സെക്രട്ടറി പി സുധിമോൻ നന്ദിയും പറഞ്ഞു. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജല ഗതാഗത വകുപ്പ് ഡയറക്ടർക്ക് പരാതി നൽകി.
Discussion about this post