മാമ്പഴക്കാലമായതോടെ നിരത്തുകളിൽ മാമ്പഴവിൽപ്പനയും സജീവമായിരിക്കുകയാണ്. എന്നാൽ ഇവയിൽ മായം കലർന്നത് ഏതാണെന്ന് എങ്ങനെ തിരിച്ചറിയും? മാമ്പഴം പഴുപ്പിക്കാൻ കാത്സ്യം കാർബൈഡും എഥിലിനും പ്രയോഗിക്കുന്നത് വ്യാപകമായതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്ത് നിന്നടക്കം ഈ വിഷരാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച മാമ്പഴം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടി കൂടിയിരുന്നു. കർണാടക, തമിഴ്നാട് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് മായം കലർന്ന മാമ്പഴം കേരളത്തിലേക്ക് ധാരാളമായി എത്തുന്നത്.
അധിക വിളവ് ലഭിക്കുന്ന സമയത്ത് പാകമാകാത്ത മാങ്ങ ചെറിയ വിലയ്ക്ക് സംഭരിക്കുന്ന വൻകിട വ്യാപാരികൾ വില ഉയരുമ്പോൾ ഇഷ്ടാനുസരണം പഴുപ്പിക്കുന്നതിനാണ് ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. മാങ്ങ നിറച്ച പെട്ടികളിൽ കാൽസ്യം കാർബൈഡ് കടലാസ് പൊതികളിലാക്കി വെയ്ക്കുക, മുറിക്കുള്ളിൽ കൂട്ടിയിട്ട മാങ്ങയിൽ വൻതോതിൽ കാർബൈഡ് പൊടി വിതറുക, കാർബൈഡ് ലായനി സ്പ്രേ ചെയ്യുക, എഥിലിൻ പൊടിരൂപത്തിൽ നിറച്ച ചാക്കുകൾ ഉപയോഗിക്കുക തുടങ്ങിയ രീതികളാണ് മാമ്പഴം കൃത്രിമമായി പഴുക്കാനായി ചെയ്യുന്നത്. ഇങ്ങനെ മായം ചേർക്കുന്ന മാങ്ങകൾ ഒരു ദിവസം കൊണ്ട് പഴുത്തു കിട്ടും. കാൽസ്യം കാർബൈഡാണ് പഴങ്ങൾ വേഗം പഴുപ്പിക്കുന്നതിനായി കച്ചവടക്കാർ പലപ്പോഴും ഉപയോഗിക്കുകയെങ്കിലും എഥിലിൻ കണ്ടെത്തിയതിനെ തുടർന്നാണ് ഇതും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. മാത്രമല്ല, കച്ചവടക്കാർ ഉപഭോക്താക്കളെ വിശ്വസിപ്പിക്കാൻ വിഷം കുത്തിവെച്ച് പഴുപ്പിച്ച മാങ്ങ വെച്ചിരിക്കുന്ന കുട്ടയിൽ കച്ചിയും നിറച്ചിരിക്കും. കച്ചിയിൽ വെച്ച് പഴുപ്പിച്ച മാമ്പഴം വിഷരഹിതമായതിനാൽ വിശ്വാസത്തോടെ വാങ്ങിക്കഴിക്കുകയും ചെയ്യും. കിലോയ്ക്ക് 50 രൂപ മുതൽ വിപണിയിൽ മാമ്പഴം ലഭ്യമാണ്. വിളയാത്ത മാമ്പഴം കേരളത്തിനകത്തും പഴുപ്പിക്കുന്നുണ്ട്. കടകളിൽ മാത്രമല്ല വഴിയോരങ്ങളിലും ഇവ സുലഭമാണ്.ടൈംസ് ഓഫ് ഇന്ത്യ 2019ൽ നടത്തിയ ഒരു സർവ്വേ പ്രകാരം 13,000 ആളുകളിൽ 78 ശതമാനം പേർക്കും കൃത്രിമമായി പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാമെന്ന് അറിയില്ല.
കെമിക്കലുകൾ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം? *മാങ്ങകൾ ഒരു ബക്കറ്റ് വെള്ളത്തിൽ ഇടുക. സ്വാഭാവികമായി പഴുത്ത മാങ്ങകൾ വെള്ളത്തിൽ മുങ്ങിപ്പോകും. അതേസമയം കൃത്രിമമായി പഴുപ്പിച്ചവ വെള്ളത്തിൽ പൊങ്ങിക്കിടക്കും. *കൃത്രിമമായി പഴുപ്പിച്ച മാങ്ങകളുടെ മറ്റൊരു ലക്ഷണം അവയിൽ പഴച്ചാറ് തീരെ കുറവായിരിക്കുമെന്നതാണ്. അതേസമയം സ്വാഭാവികമായി പഴുത്ത മാങ്ങയിൽ ധാരാളം ജലാംശം അല്ലെങ്കിൽ പഴച്ചാറ് ഉണ്ടായിരിക്കും. *കൃത്രിമമായി പഴുപ്പിച്ച മാങ്ങകൾ രണ്ടായി മുറിച്ചാൽ തൊലിയോട് ചേർന്നുള്ള മാങ്ങയുടെ നിറവും ഉൾഭാഗത്തെ നിറവും രണ്ടായിരിക്കും. പക്ഷേ സ്വാഭാവികമായി പഴുത്ത മാങ്ങയിൽ എല്ലാ ഭാഗങ്ങളിലും ഒരുപോലെ മഞ്ഞനിറമായിരിക്കും. *തൊലിയിൽ കറുത്ത പാടുകൾ ഉള്ള മാങ്ങകൾ വാങ്ങാതിരിക്കുക. അവ ഒരുപക്ഷേ കാൽസ്യം കാർബൈഡ് ഉപയോഗം കൊണ്ടുള്ള അസറ്റെലീൻ വാതക സാന്നിധ്യം കൊണ്ട് പഴുത്തവ ആയിരിക്കാം.












