കൊൽക്കത്ത : ദൂരദർശൻ ലോഗോയിലെ കാവിവൽക്കരണം കണ്ട് ഞെട്ടിപ്പോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. രാജ്യത്തുടനീളം തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അധാർമികമായ നിയമവിരുദ്ധ നടപടിയാണ് ദൂരദർശൻ ലോഗോ മാറ്റം എന്നും മമത അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ ഏപ്രിൽ 16നായിരുന്നു ദൂരദർശൻ തങ്ങളുടെ ലോഗോയിലും ഡിസൈനിലും മാറ്റങ്ങൾ വരുത്തിയിരുന്നത്.
തങ്ങൾ ബിജെപിയ്ക്കും സംഘപരിവാറിനും അനുകൂലമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന നടപടിയാണ് ദൂരദർശന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് മമത ബാനർജി അഭിപ്രായപ്പെട്ടു. ദേശീയ പബ്ലിക് ബ്രോഡ്കാസ്റ്റർ ഇത്തരത്തിൽ ബിജെപി അനുകൂല പക്ഷപാതം കാണിക്കുന്നത് തനിക്ക് ഞെട്ടൽ ഉണ്ടാക്കി എന്നും മമത സൂചിപ്പിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തുള്ള മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് ദൂരദർശൻ ലോഗോയിലെ കാവിവൽക്കരണം. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് അടിസ്ഥാനത്തിലാണ് ഇത് അനുവദിച്ചത്?. എത്രയും പെട്ടെന്ന് തന്നെ ദൂരദർശൻ ലോഗോ നീല നിറത്തിലേക്ക് മാറ്റണം എന്നും മമതാ ബാനർജി ആവശ്യപ്പെട്ടു.
Discussion about this post