പത്തനംതിട്ട; കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തന്റെ സഹോദരനായ രാഹുൽ ഗാന്ധിയെ മാത്രം ആക്രമിക്കുന്നതായി എ.ഐ.സി.സി. ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധി.പത്തനംതിട്ടയിലെ യു.ഡി.എഫ്. സ്ഥാനാർഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.
ഒരു ഫുട്ബോൾ കളിക്കാരൻ എതിർടീമുമായി ഒത്തുതീർപ്പു നടത്തിയാൽ ഒരിക്കലും കളി ജയിക്കാൻ കഴിയില്ല. അതുപോലെയാണ് കേരള മുഖ്യമന്ത്രി. ബി.ജെ.പി.യുമായി അദ്ദേഹം ഒത്തുതീർപ്പ് നടത്തുന്നു. തന്റെ സഹോദരനെ മാത്രം ആക്രമിക്കുന്നു. ബി.ജെ.പി.ക്ക് എതിരേ ഒരക്ഷരംപോലും പറയുന്നില്ല. സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പേര് ഉയർന്നുകേട്ടതാണ്. എന്നാൽ അദ്ദേഹത്തിനെതിരേ കേന്ദ്ര സർക്കാർ കേസെടുക്കുന്നില്ല. ചോദ്യം ചെയ്യുന്നതുപോലുമില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. നിങ്ങൾ കോൺഗ്രസിന് ചെയ്യുന്ന വോട്ട് നിങ്ങൾക്കുവേണ്ടിയോണ്,മണ്ഡലത്തിനുവേണ്ടിയോ സംസ്ഥാനത്തിനുവേണ്ടിയോ മാത്രമല്ല. അത് രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ കൂടിയുള്ളതാണ്. രാഷ്ട്രീയം എന്നത് ജനങ്ങളുടെ പ്രശ്നപരിഹാരത്തിനുള്ളതാണ് എന്നുകൂടി കാണിച്ചുകൊടുക്കാൻ ഈ തിരഞ്ഞെടുപ്പുകൊണ്ട് കഴിയണമെന്ന് പ്രിയങ്ക പറഞ്ഞു.
Discussion about this post