ചെന്നൈ: ലോകചെസിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ്. 17 വയസാണ് തമിഴ്‌നാട് സ്വദേശിയായ താരത്തിന്റെ പ്രായം. കാൻഡിഡേറ്റ്‌സ് ടൂർണമെന്റിൽ കിരീടം നേടുന്ന പ്രായംകുറഞ്ഞ താരം എന്ന നേട്ടം ഗുകേഷ് സ്വന്തമാക്കി. അവസാന റൗണ്ടിൽ ഹക്കാമുറയെ സമനിലയിൽ തളച്ച ഗുകേഷ്, 9 പോയിന്റുമായാണ് കിരീടം നേടിയത്.
14ാം റൗണ്ടിൽ അമേരിക്കൻ താരം ഹികാരു നകാമുറയെ സമനിലയിൽ തളച്ചതോടെയാണ് ഗുകേഷ് ഈ വർഷം അവസാനം നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പിന് യോഗ്യത നേടിയത്. ഗുകേഷിനെ അഭിനന്ദിച്ച മുൻ ചാംപ്യൻ വിശ്വനാഥൻ ആനന്ദ് അഭിമാനകരമായ നേട്ടമെന്ന് എക്‌സിൽ കുറിച്ചു.
ലോക ചാമ്പ്യന്റെ എതിരാളിയെ തീരുമാനിക്കാനായി പ്രധാന താരങ്ങൾ മത്സരിക്കുന്ന കാൻഡിഡെറ്റ്‌സിൽ, വിശ്വനാഥൻ ആനന്ദിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ വിജയിക്കുന്നത്. ഈ വർഷം അവസാനം നടക്കുന്ന ലോക ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് നേരിടും. ജയിച്ചാൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന ചരിത്ര നേട്ടം ഗുകേഷിന് സ്വന്തമാക്കാം.









