മുംബൈ : കോൺഗ്രസിന് വോട്ട് അഭ്യർത്ഥിക്കുന്ന രീതിയിൽ തന്റെ വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി ബോളിവുഡ് താരം രൺവീർ സിംഗ്. കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന രീതിയിൽ ഡീപ് ഫേക്ക് വീഡിയോ നിർമ്മിച്ച് അപമാനിച്ചു എന്നാണ് രൺവീർ സിംഗ് പരാതി നൽകിയിരിക്കുന്നത്. നേരത്തെ നടൻ ആമിർ ഖാനും ഇത്തരത്തിൽ നിർമ്മിച്ച ഡീപ് ഫേക്ക് വീഡിയോക്കെതിരെ പരാതി നൽകിയിരുന്നു.
കാശി സന്ദർശിച്ച ശേഷം രൺവീർ സിംഗ് കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന രീതിയിലുള്ള ഡീപ് ഫേക്ക് വീഡിയോ ആണ് പുറത്തിറങ്ങിയിരുന്നത്. കഴിഞ്ഞ പതിനാലാം തീയതി രൺവീർ കാശിയിൽ സന്ദർശനം നടത്തിയപ്പോൾ വാർത്ത ഏജൻസികൾക്ക് നൽകിയ പ്രതികരണത്തിന്റെ ദൃശ്യങ്ങളാണ് കോൺഗ്രസിന് വോട്ട് അഭ്യർത്ഥിക്കുന്ന രീതിയിൽ ആക്കി കാണിച്ച് തെറ്റായി പ്രചരിപ്പിച്ചത്.
രൺവീർ സിംഗിന്റെ ശബ്ദവും ചുണ്ടനക്കവും കൃത്രിമമായി സൃഷ്ടിച്ചാണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിച്ചതോടെ ആണ് രൺവീർ രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിനെതിരെ പോലീസിൽ പരാതി നൽകിയതായി രൺവീർ സിംഗ് അറിയിച്ചു.
Discussion about this post