വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തികച്ചും അപ്രതീക്ഷിതമായിരുന്നു എന്നും, അത് സ്വാഭാവികമായ രീതിയിലുള്ള ഒന്നല്ലെന്നും മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റിലെ ഈ രണ്ട് ഇതിഹാസങ്ങളുടെ വിരമിക്കൽ പെട്ടെന്നുണ്ടായ ഒന്നാണെന്നും, ഇതിന് പിന്നിൽ ചില പ്രത്യേക കാരണങ്ങൾ ഉണ്ടായിരിക്കാമെന്നുമുള്ള സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകൾ നൽകുന്നത്.
2024 ടി20 ലോകകപ്പിന് പിന്നാലെ ടി20 ഫോർമാറ്റിൽ നിന്ന് ഇരുവരും വിരമിച്ചിരുന്നു. അത് ലോകകപ്പ് നേടിയതിന് ശേഷവും ഫോർമാറ്റിൽ പിന്നെ ഒന്നും നേടാൻ ബാക്കിയില്ല എന്നത് കൊണ്ടാണെങ്കിലും ഇവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഇത്ര വേഗത്തിൽ പടിയിറങ്ങിയത് ആരാധകരെ അമ്പരപ്പിച്ചു. മികച്ച ഫോമിൽ തുടരുമ്പോൾ തന്നെ ഇരുവരും ടെസ്റ്റ് ഒഴിവാക്കിയത് ബി.സി.സി.ഐയുടെ സമ്മർദ്ദം കൊണ്ടാണോ എന്ന ചർച്ചകൾക്ക് ഈ മുൻ താരത്തിന്റെ വാക്കുകൾ വഴിമരുന്നിട്ടു.
“അതൊരു നിർബന്ധിത കീഴടങ്ങലായിരുന്നോ എന്ന് എനിക്കറിയില്ല, പക്ഷേ അത് തീർച്ചയായും ഒരു സ്വാഭാവിക വിരമിക്കലായി തോന്നിയില്ല. സത്യം എന്താണെന്ന് അവർ തന്നെ പറയും. പക്ഷേ അത് സ്വാഭാവികമാണെന്ന് ഞാൻ കരുതുന്നില്ല.”
ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം കോഹ്‌ലിയുടെയും ശർമ്മയുടെയും റെഡ്-ബോൾ ഫോം വിമർശനത്തിന് വിധേയമായി. 2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ സെഞ്ച്വറി നേടിയാണ് കോഹ്‌ലി തുടക്കം കുറിച്ചത്. എന്നിരുന്നാലും, ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹം ബുദ്ധിമുട്ടി. ഒടുവിൽ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 23.75 എന്ന മോശം ശരാശരിയിൽ 190 മാത്രമാണ് നേടിയത്.
ശർമ്മയാകട്ടെ അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് വെറും 35 റൺസ് മാത്രമാണ് നേടിയത്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം അദ്ദേഹം അവസാന ടെസ്റ്റിൽ നിന്ന് വിട്ടുനിന്നു. “രോഹിത് ഓസ്ട്രേലിയയിൽ റൺസ് നേടാതിരുന്നപ്പോൾ, ആറ് മാസത്തേക്ക് ഇടവേള എടുത്ത് ഫിറ്റ്നസിൽ പ്രവർത്തിക്കണമെന്ന് ഞാൻ കരുതി. അങ്ങനെ ചെയ്താൽ അദ്ദേഹം റൺസ് നേടുമെന്ന് എനിക്ക് ഉറപ്പായിരുന്നു .”
വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും അടുത്തിടെ നടന്ന ഏകദിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ രോഹിത് മാൻ ഓഫ് ദി സീരിസായപ്പോൾ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ കോഹ്‌ലി ആയിരുന്നു പരമ്പരയുടെ താരം.













Discussion about this post