ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ മുൻ വക്താവ്, അബു ഉബൈദ എന്ന പേരിൽ അറിയപ്പെടുന്ന ഹുതൈഫ സമീർ അൽ-കഹ്‌ലൗത്ത് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. 2025 ഓഗസ്റ്റ് 30-ന് ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അബു ഉബൈദ കൊല്ലപ്പെട്ടു എന്നാണ് ഇപ്പോൾ ഹമാസ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ സൈനിക വക്താവിനെയും ഹമാസ് പ്രഖ്യാപിച്ചു.
ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീൻ അൽ-ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവായിരുന്നു അബു ഉബൈദ. രണ്ടു പതിറ്റാണ്ടുകളും ഇയാൾ ഹമാസ് സായുധ വിഭാഗത്തിന്റെ വക്താവായി പ്രവർത്തിച്ചിരുന്നു. ഹമാസ് ഇസ്രായേൽ യുദ്ധത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചുകൊണ്ടും ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടും ടെലിവിഷൻ ചർച്ചകളിൽ സ്ഥിര സാന്നിധ്യം ആയിരുന്നു അബു ഉബൈദ. എപ്പോഴും ചുവന്ന കഫിയ കൊണ്ട് മുഖം മറച്ചുകൊണ്ട് ആയിരുന്നു ഇയാൾ ടെലിവിഷൻ പരിപാടികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇപ്പോൾ മരണശേഷമാണ് അബു ഉബൈദയുടെ മുഖം ഹമാസ് ആദ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത പുതിയ വക്താവ് അബു ഉബൈദയുടെ അതേ പേര് തന്നെയാണ് സ്വീകരിക്കുമെന്നും ഹമാസ് അറിയിച്ചു.
2025 ഓഗസ്റ്റ് 31ന്
ഗാസ സിറ്റിയിൽ നടന്ന വ്യോമാക്രമണത്തിൽ അബു ഉബൈദ കൊല്ലപ്പെട്ടതായി ഇസ്രായേൽ നേരത്തെ തന്നെ അറിയിച്ചിരുന്നു. തുടർന്ന് ‘കുറ്റമറ്റ വധശിക്ഷ’ നടത്തിയതിന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഇസ്രായേൽ പ്രതിരോധ സേനയെയും ഇസ്രായേലിന്റെ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിനെയും പ്രശംസിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹമാസ് ഇപ്പോഴാണ് അബു ഉബൈദയുടെ മരണം സ്ഥിരീകരിക്കുന്നത്.










Discussion about this post