കൊച്ചി: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അപ്രതീക്ഷിതമായ നീക്കത്തിലൂടെ ഡൽഹി ലഫ്. ഗവർണർ വിനയ്‌കുമാർ സക്സേന കൊച്ചിയിൽ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഏതാണ്ട് അർദ്ധരാത്രിയോട് കൂടി ഡൽഹിയിൽ നിന്നുള്ള വിമാനത്തിൽ അദ്ദേഹം കൊച്ചിയിൽ എത്തിച്ചേരുമെന്നാണ് ലഭ്യമാകുന്ന വിവരം.
സംസ്ഥാനത്തെ യാക്കോബായ സഭ ഒഴികെയുള്ള ക്രിസ്തീയ മത മേലധ്യക്ഷന്മാരുമായി ഡൽഹി ഗവർണർ ചർച്ച നടത്തും. പല മണ്ഡലങ്ങളിലും ക്രിസ്തുമത വിശ്വാസികൾ സ്ഥാനാർത്ഥിയുടെ വിജയത്തിൽ നിർണ്ണായക സ്വാധീനം ആയതിനാൽ ക്രിസ്ത്യൻ വോട്ടുകൾ ഉറപ്പിക്കാൻ വേണ്ടിയാണ് ഡൽഹി ഗവർണറുടെ ഈ കൂടിക്കാഴ്ച എന്നാണ് പൊതുവെ കരുതപ്പെടുന്നത്.
സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ റാഫേൽ തട്ടിലുമായി നാളെ കൊച്ചിയിൽ വെച്ച് ആദ്യ കൂടിക്കാഴ്ച നടത്തുന്ന ഗവർണർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുമായും സംസാരിക്കും.
ഇതിനെ തുടർന്ന് ബിലിവേഴ്സ് ചർച്ചിന്റെ പരിപാടിയിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായും കൂടിക്കാഴ്ച നടത്തും. എന്നാൽ നിലവിൽ യാക്കോബായ സഭയുമായി ഒരു കൂടികാഴ്ചയ്ക്കും ഗവർണർ സമ്മതം തേടിയിട്ടില്ല. ബി ജെ പി ക്ക് ഏതാണ്ട് പരസ്യമായ പിന്തുണ ബിലീവേഴ്‌സ് ചർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പല സഭകളും പരോക്ഷമായി പല ഘട്ടങ്ങളിലും ബി ജെ പി നയങ്ങളോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അടുപ്പം കാണിച്ചവരാണ്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ഉറപ്പിക്കാൻ ഗവർണറുടെ ഈ വരവിനു കഴിയുമോ എന്ന് കാത്തിരുന്ന് കാണുക തന്നെ ചെയ്യണം. അങ്ങനെ സംഭവിച്ചാൽ വലിയൊരു പരിവർത്തനത്തിനു തന്നെയായിരിക്കും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.
Discussion about this post