ന്യൂഡൽഹി: മഹാദേവ് വാതുവെയ്പ്പ് ആപ്പിന്റെ അനുബന്ധ സ്ഥാപനമായ ഫെയർപ്ലേയിൽ നിയമവിരുദ്ധമായി ഐപിഎൽ 2023 സംപ്രേക്ഷണം ചെയ്തതുമായി ബന്ധപ്പെട്ട് സിനിമാ താരം തമന്ന ഭാട്ടിയയ്ക്ക് സമൻസ് അയച്ച് മഹാരാഷ്ട്ര സൈബർ വിംഗ്. ഈ മാസം 23ന് ചോദ്യം ചെയ്യലിനായി സൈബർ സെല്ലിന് മുന്നിൽ ഹാജരാകാനാണ് നിർദേശം.
കേസുമായി ബന്ധപ്പെട്ട് നടൻ സഞ്ജയ് ദത്തിനും ഈ ആഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് സമൻസ് സയച്ചിരുന്നു. എന്നാൽ, സിനിമാ തിരക്കുകൾ കാരണം താരത്തിന് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ, കേസിൽ റാപ്പറും ഗായകനുമായ ബാദ്ഷയെ ചോദ്യം ചെയ്തിരുന്നു.
ഐപിഎൽ മത്സരങ്ങൾ സംപ്രേക്ഷണം ചയ്യുന്നതിനുള്ള അവകാശമുള്ള വിയാകോം 18ന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റബറിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അനധികൃത സ്ട്രീമിംഗ് വഴി വിയാകോമിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.










