റാഞ്ചി : ഭൂമി തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപ്പന സോറൻ ജാർഖണ്ഡിന്റെ മുഖ്യമന്ത്രി ആയേക്കുമെന്ന് സൂചന. വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കൽപ്പന മത്സരിക്കും. ഗണ്ഡേ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് കല്പന സോറൻ തീരുമാനിച്ചിരിക്കുന്നത്.
അധികം വൈകാതെ തന്നെ ചമ്പായി സോറന് പകരം കൽപ്പന സോറൻ ജാർഖണ്ഡിൻ്റെ മുഖ്യമന്ത്രിയായി ഭരണം ഏറ്റെടുക്കുമെന്ന് നേരത്തെ ബിജെപി നേതാവ് നിഷികാന്ത് ദുബേ ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമസഭ ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം കൽപ്പന സോറൻ വ്യക്തമാക്കിയിരിക്കുന്നത്. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത ശേഷം രാഷ്ട്രീയ രംഗത്തെ സജീവമായ ഇടപെടലുകളാണ് കൽപ്പന നടത്തിയിരുന്നത്.
ഈ വർഷം ജനുവരിയിൽ ഭരണകക്ഷിയിലെ സിറ്റിംഗ് എംഎൽഎ സർഫറാസ് അഹമ്മദ് രാജിവച്ചതിനെ തുടർന്നാണ് ഗണ്ഡേ മണ്ഡലത്തിൽ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ മെയ് 20ന് ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഉള്ള തിരഞ്ഞെടുപ്പുകളോടൊപ്പം തന്നെ നിയമസഭാ ഉപതിരഞ്ഞെടുപ്പും ജാർഖണ്ഡിൽ നടക്കുന്നതാണ്.
Discussion about this post